മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

news image
Aug 4, 2025, 1:19 pm GMT+0000 payyolionline.in

കട്ടപ്പന: ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്. മഴ തകര്‍ത്തു പെയ്യുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി 500 ലധികം പേരാണ് ദിനവും ഇവിടെ എത്തുന്നത്. ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടം.

 

ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തില്‍ ഈ സീസണില്‍ ഇതിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) 8 ലക്ഷം രൂപ ലഭിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഡിടിപിസി കരിങ്കല്ലു കൊണ്ടു തീര്‍ത്ത ആകര്‍ഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഒരുക്കിയിട്ടുണ്ട്. റിപ്പിള്‍ വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്.

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി നടപ്പാക്കിയ ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടത്തിനും ഫ്രെയിംസ് സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് സുഗമമായി വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാന്‍ 11 ജീവനക്കാര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് പ്രവര്‍ത്തന സമയം. അഞ്ച് മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്.

 

പന്നിയാര്‍കുട്ടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. അടിമാലി-കല്ലാര്‍കുട്ടി വഴിയും ഇവിടേക്ക് എത്താം. കൊച്ചി-ധനുഷ്‌കോടി ദേശിയപാതയില്‍ കുഞ്ചിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള വഴിയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. തേക്കിന്‍കാനത്ത് നിന്ന് 1.5 കിലോമീറ്റര്‍ അകലെ മുതിരപ്പുഴയാറില്‍ പരസ്പരം അടുക്കി വച്ചിരിക്കുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളും ഇവിടേക്ക് യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് കാഴ്ച വിരുന്ന് ഒരുക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe