മഴക്കെടുതികൾ നേരിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മഴക്കാല മുന്നൊരുക്കങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾക്കാണ് ഫണ്ട് ലഭിക്കുക. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങുന്നതിനും സ്റ്റോറേജ് സെന്ററുകൾ തുറക്കുന്നതിനുമാണ് ഫണ്ട്. ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികൾക്ക് മൂന്നുലക്ഷം രൂപ വീതവും കോർപ്പറേഷനുകൾക്ക് 5 ലക്ഷം രൂപ വീതവും ആണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            