മഴക്കാലം പലർക്കും ഇഷ്ടമായിരിക്കും. പക്ഷെ മഴയ്ക്ക് ഒപ്പം അതിഥികളായി കയറി വരുന്ന ചിലരുണ്ട്, അവരെ പേടിക്കണം. അവരിൽ ചിലരാണ് പനി, ജലദോഷം, തുമ്മൽ, ശരീരവേദന തുടങ്ങിയവർ. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇവരെല്ലാം നമ്മുടെ മുകളിൽ ആധിപത്യം സ്ഥാപിക്കും. ഇവരെല്ലാം സീസണൽ അലർജിയുടെ ലക്ഷണങ്ങൾ ആണ്.
എന്നാൽ ഇവയ്‌ക്കെല്ലാം പേടിയുള്ള ചിലർ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. സീസണൽ അലജിയെ പ്രതിരോധിക്കുന്നതിന് ചില വീട്ടിലെ പൊടിക്കൈകൾ നോക്കിയാലോ.
തുളസി, മഞ്ഞൾ, ഇഞ്ചി
തുളസി, മഞ്ഞൾ, ഇഞ്ചി എന്നിവ മഴക്കാലത്ത് അടുക്കളയിൽ പ്രത്യേകം സൂക്ഷിക്കാൻ മറക്കരുത്. തുളസി വെള്ളം തിളപ്പിച്ചത് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും. ആസ്ത്മയോ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർക്ക് ദിവസവും ഒരു കപ്പ് വെള്ളം കുടിക്കാം. മഞ്ഞൾ ചേർത്ത പാൽ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്. പതിവു ചായയിൽ അൽപം ഇഞ്ചി ചേർക്കുന്നത് മഴക്കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാനും തൊണ്ടവേദന കുറയ്ക്കാനും സഹായിക്കും.
യൂക്കാലിപ്റ്റസ്
മൂക്കടപ്പ്, തുമ്മൽ പോലുള്ള പ്രശ്നങ്ങൾക്ക് ആവി പിടിക്കുമ്പോൾ അതിലേക്ക് അൽപം യൂക്കാലിപ്റ്റസ് ഓയിൽ ചേർക്കുന്നത് മൂക്കും തൊണ്ടയും ഉൾപ്പെടെ മുഴുവൻ നാസികാദ്വാരം തുറക്കാനും ശ്വസനം എളുപ്പമാക്കാനും സഹായിക്കും. ഇത് തുമ്മലും പ്രകോപനവും കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ
മഴക്കാലത്ത് സീസണൽ അലർജി കുറയ്ക്കാനും ഊർജ്ജസ്വലരാക്കാനും ഇത് സഹായിക്കും. ചൂടുള്ള ഗ്രീൻ ടീ, കമോമൈൽ ടീ, ലമൺ ടീ തുടങ്ങിയവ തൊണ്ടവേദനയിലെ സമ്മർദം ഒഴിവാക്കാൻ സഹായിക്കുന്നു. അലർജി പ്രതിപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥത ശമിപ്പിക്കുന്നു, മെറ്റബോളിസം മെച്ചപ്പെടുത്തുന്നു, കൂടാതെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            