കോഴിക്കോട്: ദേശീയപാത 66ന്റെ മലാപ്പറമ്പ് മുതൽ വെങ്ങളം വരെ പ്രവൃത്തി പൂർത്തിയായതിനാൽ ആറു വരിയും മൂന്നു ദിവസത്തിനുള്ളിൽ തുറക്കും. വെങ്ങളം-പൂളാടിക്കുന്ന് റീച്ച് പൂർത്തിയാക്കി രണ്ടാഴ്ച മുമ്പ് തുറന്നുകൊടുത്തിരുന്നു.
മലാപ്പറമ്പ് മുതൽ വെങ്ങളം വരെയുള്ള വലിയ റീച്ചിൽ മാളിക്കടവ് മേൽപാലത്തിന്റെ മുകൾഭാഗത്തെയും തടമ്പാട്ടുതാഴം ഭാഗത്തെ മേൽപാലത്തിന്റെയും ഒരുഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ കോൺക്രീറ്റ് നിർമാണം ഒരാഴ്ച വൈകിയതാണ് തുറന്നുകൊടുക്കൽ കുറച്ചുദിവസം നീണ്ടത്.
മലാപ്പറമ്പ്-വേങ്ങേരി ഭാഗത്ത് ദേശീയപാതയിൽ മൂന്നുവരി ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. രാമനാട്ടുകര റീച്ചിന്റെ മൂന്നുവരി ടാറിങ് പുരോഗമിക്കുകയാണ്. മൂന്നു വരിയിലൂടെ ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
വേങ്ങേരി മേൽപാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. മാർച്ച് അവസാനത്തോടെ തുറന്നുകൊടുക്കുമെന്നായിരുന്നു മലാപ്പറമ്പ് മേൽപാലം തുറന്ന വേളയിൽ അറിയിച്ചത്. പ്രവൃത്തി പൂർത്തിയാകാൻ ഇനിയും ദിവസങ്ങളെടുക്കും.
സർവിസ് റോഡിനോട് ചേർന്ന അഴുക്കുചാൽ നിർമാണം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുകയും ചെയ്തെങ്കിൽ മാത്രമേ ഓവർ പാസ് പൂർണമായും തുറക്കാൻ കഴിയൂ.
മലാപ്പറമ്പ് ജങ്ഷനിൽ കിഴക്കുഭാഗത്തെ സംരക്ഷണഭിത്തി നിർമാണവും പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ മൂന്നുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കും. മൂന്നുവരി തുറന്നുകൊടുക്കുന്നതോടെ മലാപ്പറമ്പ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാകും. ഇതിന് 10 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കരാറുകാർ നൽകുന്ന സൂചന.
തൊണ്ടയാട് ആഴ തൃക്കോവിൽ ക്ഷേത്രത്തിനു മുന്നിൽ സർവിസ് റോഡിന്റെ വലതുഭാഗം സർവേ ചെയ്തുകിട്ടാത്തതിനാൽ പ്രവൃത്തി വൈകുകയാണ്. അപേക്ഷ നൽകി പലതവണ ആവശ്യപ്പെട്ടിട്ടും കോർപറേഷൻ സർവേയർ കനിയുന്നില്ലെന്നാണ് കരാറുകാർ പറയുന്നത്.
സർവേ ചെയ്യാതെ സർവിസ് റോഡ് പ്രവൃത്തി ആരംഭിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. എന്നാൽ, അപേക്ഷ ലഭിച്ചിട്ടുണ്ടോ എന്ന വിവരം പരിശോധിക്കണമെന്നാണ് സർവേയർ പറയുന്നത്.