കൊച്ചി ∙ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അ്റസ്റ്റിൽ. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. സ്റ്റേഷൻ ജാമ്യം ലഭിക്കും. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഷൈനിന്റെ ഫോണിൽനിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്. പൊലീസും ഡാൻസാഫ് സംഘവും പരിശോധനയ്ക്കെത്തിയപ്പോൾ ഷൈൻ ഹോട്ടൽമുറിയിൽനിന്ന് ഇറങ്ങിയോടിയിരുന്നു. തുടർന്ന് പൊലീസ് ഷൈനിനെ ചോദ്യംചെയ്യാൻ ഇന്നു വിളിപ്പിക്കുകയായിരുന്നു. മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്യൽനീണ്ടിരുന്നു, ഷൈനിനെ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും. ഹോട്ടലിൽ എത്തിയത് പൊലീസ് ആണെന്ന് മനസ്സിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ചാടി രക്ഷപ്പെട്ടതെന്നുമാണ് ഷൈൻ പൊലീസിനു നൽകിയ മൊഴി.