മലപ്പുറം: കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് കാവൽ നിൽക്കാൻ നിയോഗിക്കപ്പെട്ട രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്. സംഭവത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് മലപ്പുറം പൊലീസിൽ പരാതി നൽകി.
കോട്ടക്കൽ മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം ഡ്യൂട്ടിയിലായിരുന്നു ഇരുവരും. അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേൽ ഉദ്യോഗസ്ഥനുമായി ഇവർ തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇതിനുപിന്നാലെയാണ് ഇവരെ കാണാതായത്. സുരക്ഷാ ക്രമീകരണങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ ഇവർക്ക് പകരം മറ്റ് രണ്ട് ജവാന്മാരെ സ്ട്രോങ്ങ് റൂം കാവലിനായി ഉടൻ തന്നെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.
