മലപ്പുറത്ത് സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാനാധ്യാപകനുള്‍പ്പെടെ 4 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

news image
Jan 24, 2024, 5:13 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ അരി കടത്തിയ സംഭവത്തിൽ അധ്യാപകർക്കെതിരെ കർശന നടപടി. സംഭവത്തിൽ 4 അധ്യാപകരെ സസ്പെൻഡ് ചെയ്തു. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ ഭവനീഷ്, ഇർഷാദ് അലി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.

 

കഴിഞ്ഞ ദിവസമാണ് മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ ടിപി രവീന്ദ്രൻ എന്ന അധ്യാപകനെതിരെ പഞ്ചായത്തംഗം നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയത്. രാത്രിയിൽ അരി സൂക്ഷിച്ച മുറിയിൽ നിന്നും ചാക്കുകൾ മറ്റെരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂർ പഞ്ചായത്ത് അംഗവും സ്കൂളിലെ വിദ്യാർത്ഥികളുടെ പിതാവുമായ ഹസൈനാർ ബാബു ആണ് പരാതി നൽകിയത്.

 

ഉച്ചക്കഞ്ഞി ആവശ്യമില്ലാത്ത കുട്ടികളോട് സമ്മത പത്രം ഒപ്പിട്ട് വാങ്ങി, സർക്കാരിൽ നിന്ന് കിട്ടുന്ന അരി വിഹിതത്തിൽ  കൂടുതലുള്ളതാണ് കടത്തുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എൻസിസി ഡയറക്ടറേറ്റ് എന്നിവർക്കാണ്  പരാതി നൽകിയത്. അതേസമയം, ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് സ്കൂൾ മാനേജറും പ്രധാനാധ്യാപകനും ആരോപണങ്ങൾ നിഷേധിച്ച് രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe