തിരുവനന്തപുരം: മലപ്പുറത്ത് ജോലി ചെയ്യുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനെ കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു. പാണ്ടിക്കാട് ആർആർഎഫ് ക്യാംപിൽ നിന്ന് വെള്ളിയാഴ്ചയാണ് ബിജോയ് എസ് ലാലിനെ കാണാതായത്. ഉദ്യോഗസ്ഥരുടെ പീഡനമാണ് മകനെ കാണാതായതിന് കാരണമെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി.
2017 ലാണ് ബിജോയ് കെഎപി ബറ്റാലിയനിലെത്തിയത്. പിന്നീട് മൂന്നു വർഷം മുമ്പ് ആർആർഎഫിലെത്തി. തുടർച്ചയായ ജോലി ഭാരം, മേലുദ്യോഗസ്ഥരുട പീഡനം, മാതൃബറ്റാലിയനിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ മൂലവും മാനസികസമ്മർദ്ദം കാരണം ജോലി രാജിവെക്കുകയാണെന്ന് ബിജോയി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. വെള്ളിയാഴ്ച കോഴിക്കോട് നൽകിയ പ്രത്യേക ഡ്യൂട്ടിക്ക് എത്താതായതോടെയാണ് ബിജോയിയെ കാണാതായ വിവരം അറിയുന്നത്. ആർആർഎഫിന്റെ മലപ്പുറത്തെ ആസ്ഥാനത്ത് നിന്നും കോഴിക്കോടേക്ക് പോയെങ്കിലും ബിജോയ് ജോലിയിൽ പ്രവേശിച്ചില്ല. ക്യാംപ് അധികാരികൾ തിരൂർ കൽപകഞ്ചേരി സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ വീട്ടുകാർ തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. രണ്ട് പൊലീസ് സ്റ്റേഷനിൽ നിന്നും അന്വേഷണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ബിജോയിയെ കണ്ടെത്താനായില്ല.