മലപ്പുറം: കൊളത്തൂരിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ 10 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍, ചൊവ്വാണ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കാട്ടിരി ചൊവ്വാണ എൽപി സ്കൂളിന് സമീപത്ത് വാടകയ്ക്ക് തീമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ ബര്ദ്ദമാന് സ്വദേശികളായ രാഹുൽ ദാസ് (28), ഹരൻ എസ് കെ(50) എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകൾ വരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ, പ്രതികളെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയ ശേഷം വീട്ടിൽ പരിശോധന നടത്തിയാണ് കഞ്ചാവ് പിടികൂടിയത്. ദിവസങ്ങള്‍ക്കു മുന്‍പ് ഒമ്പത് കിലോഗ്രാം കഞ്ചാവുമായി പടപ്പറമ്പിൽ വച്ച് ബീഹാര്‍ സ്വദേശിയുള്‍പ്പടെ രണ്ടു പേർ പിടിയിലായിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി വില്പന നടത്തുന്ന സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്.വിശ്വനാഥിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം പരിശോധനകൾ വ്യാപകമാക്കിയതിന് പിന്നാലെയാണ് കൊളത്തൂരിൽ നിന്ന് കഞ്ചാവ് പിടിച്ചത്.
മലയാളികളടക്കം ഏജന്റുമാര്‍ മുഖേനയാണ് കഞ്ചാവ് ആവശ്യക്കാര്‍ക്ക് വില പറഞ്ഞ് ഉറപ്പിച്ച ശേഷം വില്‍ക്കുന്നത്. കൊളത്തൂരിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു. കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി പടപ്പറമ്പ്, രാമപുരം, കുറവ ഭാഗങ്ങളില്‍ വില്പന നടത്താനുള്ള പദ്ധതിയായിരുന്നു. മങ്കട ഇൻസ്പെക്ടര്‍ അശ്വിത്തിൻെറ സാന്നിധ്യത്തിലായിരുന്നു പരിശോധന പൂര്‍ത്തിയാക്കിയത്. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് സൂചന ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് അറിയിച്ചു. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് എസ്.ഐ. ഷിജോ.സി.തങ്കച്ചന്, കൊളത്തൂര്‍ എസ്.ഐ. അശ്വതി കുന്നോത്ത്, എഎസ്ഐ ജോര്‍ജ് സെബാസ്റ്റ്യൻ, എസ് സിപിഒ മാരായ അഭിജിത്ത്, സുധീഷ് എന്നിവരും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരുമാണ് കൊളത്തൂരിൽ പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.