കൂത്തുപറമ്പ്: പ്രവാസി ഗൾഫിൽനിന്ന് കൊടുത്തയച്ച 10ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. കണ്ണവം എരശൂരിലിലെ സുബീഷ് (39), കണ്ണവംചുണ്ടയിലെ അമൽരാജ് (27) എന്നിവരുടെ പേരിലാണ് കേസ്.
എഡ്.ഡി.പി.ഐ പ്രവർത്തകൻ സലാവുദ്ദീൻ വധക്കേസിൽ പ്രതിയായ അമൽരാജ് കാപ്പ കേസിലുംപ്രതിയാണ്. മലപ്പുറം തിരൂരങ്ങാടിയിലെ അബ്ദുൾറഷീദന്റെ പരാതിയിലാണ് കേസ്. സൗദിയിലായിരുന്ന സുബീഷിന് ജോലി നഷ്ടപ്പെട്ടപ്പോൾ താമസസൗകര്യവും ഭക്ഷണവുംനൽകിയത് പ്രവാസിയായ ഒരാളാണ്. മൂന്നുമാസത്തോളം സംരക്ഷണം നൽകിയിരുന്നു. ജോലി ശരിയാക്കാൻ ശ്രമിച്ചെങ്കിലും ലഭിക്കാതെവന്നപ്പോൾ വിമാനടിക്കറ്റ് എടുത്ത് നാട്ടിലേക്ക് കയറ്റി വിടാൻ തീരുമാനിച്ചു.
സുഭീഷ് നാട്ടിലേക്ക് വരുന്നവിവരം സുഹൃത്തും മറ്റൊരു പ്രവാസിയുമായ തിരൂരങ്ങാടിയിലെ മുസ്തഫയോട് പറഞ്ഞു. മരുമകളുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ടെന്നും നികുതിയടച്ച 10 ലക്ഷത്തിന്റെ സ്വർണം നാട്ടിലെത്തിക്കാനുണ്ടെന്നും മുസ്തഫ സുബീഷിനോട് പറഞ്ഞു. നിയമപരമായി നികുതിയടച്ച10ലക്ഷം വിലവരുന്ന 180 ഗ്രാം സ്വർണം മുസ്തഫ സുബീഷിന്റെ പക്കൽ കൊടുത്തയക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുമ്പോൾ മരുമകൻ അബ്ദുൾ റഷീദ് വരുമെന്നും അയാൾക്ക് സ്വർണം കൊടുക്കണമെന്നും പറഞ്ഞു.
എന്നാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ സുബീഷ് ഇവരുടെ ഫോൺ എടുക്കാനോ ബന്ധപ്പെടാനോ തയാറായില്ല. പിന്നീട് സുബീഷിനെ ബന്ധപ്പെട്ടപ്പോൾ സ്വർണം മറ്റൊരാൾ വാങ്ങിയെന്നും തിരിച്ചുകിട്ടിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. സുബീഷും അമൽരാജുംചേർന്ന് സ്വർണം മറിച്ചുവിറ്റതാണെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് പരാതി നൽകിയത്. കണ്ണവം സി.ഐ കെ.വി. ഉമേശന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.