പാലക്കാട് > പഠനത്തിനും കളിയിലും ചിരിയിലും ഒന്നിച്ചായിരുന്ന കുട്ടികൾ ഒന്നിച്ച് മരണത്തിനു കീഴടങ്ങിയതിൽ മരവിച്ചു നിൽക്കുകയാണ് നാട്. കരിമ്പ പനയമ്പാടത്ത് സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ദേഹത്തേക്ക് മറിഞ്ഞ് മരിച്ച കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളുടെ മൃതദേഹം ഖബറടക്കി. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരെയും ഖബറടക്കിയത്.പൊതു ദർശനത്തിനു വച്ച ഹാളിൽ നിന്നും കാൽനടയായാണ് മൃതദേഹങ്ങൾ മസ്ജിദിലെത്തിച്ചത്. അടുത്തടുത്തായുള്ള നാല് ഖബറുകളിലാണ് കുട്ടികളെ അടക്കിയതും.
രാവിലെ ആറോടെ വീടുകളിൽ എത്തിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കരിമ്പനയ്ക്കൽ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചിരുന്നു. നാടൊന്നാകെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ കാണാനായി ഹാളിലേക്ക് ഒഴുകിയെത്തിയിരുന്നു. അങ്ങേയറ്റം ഉള്ളുലക്കുന്ന ദൃശ്യങ്ങളാണ് ഹാളിൽ നിന്നും കാണാനാകുന്നത്. ഉറങ്ങിക്കിടക്കുന്ന കൂട്ടുകാരുടെ പേരു വിളിച്ച് കരയുന്ന സഹപാഠികളും വിതുമ്പുന്ന ബന്ധുക്കളുമാണ് ഹാളിൽ നിറഞ്ഞത്.
കരിമ്പ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളാണ് മരിച്ച നാല് പെൺകുട്ടികളും.ദ്യാർഥികൾ സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
രക്ഷപെട്ടത് ഒരാൾ മാത്രം
അപകടത്തിൽ രക്ഷപെട്ടത് ഒരു വിദ്യാർഥിനി മാത്രം. മരവിച്ച മനസുമായി അപകടത്തെക്കുറിച്ചോർത്ത് നടുങ്ങിയിരിക്കുകയാണ് അജ്ന. സമീപത്തെ താഴ്ചയിലേക്ക് വീണതിനാൽ അജ്നയ്ക്ക് സാരമായ പരിക്കുകളുണ്ടായില്ല. അപകടം കണ്ട് ആദ്യം ഓടിയെത്തി തന്നെ വാരിയെടുത്തത് അപകടത്തിൽ മരിച്ച ഇർഫാനയുടെ ഉമ്മയാണെന്ന് അജ്ന പറഞ്ഞു. കുറച്ചുനേരം മുമ്പു വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞത് വിശ്വസിക്കാനാകുന്നില്ല അജ്നയ്ക്ക് ഇപ്പോഴും.