ബംഗളൂരു: ഫോറൻസിക് പരിശോധനയിൽ രക്തത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയെന്ന് കുറ്റപത്രം സമർപ്പിച്ച ബംഗളൂരു സിറ്റി പൊലീസിന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് കർണാടക ഹൈകോടതി.
വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്ന പ്രവൃത്തികൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ കോടതി, സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനോട് നിർദേശിച്ചു. 2019ലെ വർത്തൂർ പൊലീസിന്റെ നടപടിക്കെതിരായ കേസിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് ഉത്തരവിറക്കിയത്. 2019ൽ വർത്തൂരിലെ കോളജിനടുത്ത് നിന്നാണ് കോളജ് വിദ്യാർഥികളായിരുന്ന രണ്ടുപേരെ പുകവലിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ, ഇവർ കഞ്ചാവാണ് ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന്റെ ആരോപണം. എന്നാൽ, ഫോറൻസിക് പരിശോധനയിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹരജിക്കാരുടെ കൈവശത്തുനിന്ന് പിടിച്ചെടുത്തതായി പറയുന്ന 15ഗ്രാം കഞ്ചാവിന് എന്ത് സംഭവിച്ചുവെന്ന് എവിടെയും സൂചിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പിടിച്ചെടുത്തിനുശേഷം റിപ്പോർട്ട് ചെയ്യുകയോ ഫോറൻസിക് പരിശോധനക്കയക്കുകയോ ചെയ്യാത്തതിനാൽ അവിശ്വസനീയമാണെന്നും പറഞ്ഞു. മാത്രമല്ല സംശയാസ്പദമായ മയക്കുമരുന്ന് പിടികൂടുന്ന സമയത്ത് ബന്ധപ്പെട്ട ഗെസറ്റഡ് ഓഫിസർക്കോ മജിസ്ട്രേറ്റിനു മുന്നിലോ റിപ്പോർട്ട് ചെയ്യുക, സാമ്പിൾ ഫോറൻസിക് പരിശോധനക്കയക്കുക തുടങ്ങിയ നടപടിക്രമങ്ങളൊന്നും ഉദ്യോഗസ്ഥർ പാലിച്ചില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. മറ്റൊരു സംഭവത്തിൽ വ്യാജ മയക്കുമരുന്ന് കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബാനശങ്കരി പൊലീസ് സ്റ്റേഷനിലെ നാല് സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തിരുന്നു. വ്യക്തി വിരോധത്തിന്റെ പേരിൽ രാജൻ എന്നയാൾ നൽകിയ തെറ്റായ വിവരത്തിന്മേൽ സംഭവത്തിൽ അന്വേഷണം നടത്താതെ യുവാക്കളെ അറസ്റ്റ് ചെയ്തെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.