കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വി രാജിന്റെയും വീടുകളിൽ ഇ.ഡി പരിശോധന. കസ്റ്റംസിനു പിന്നാലെയാണ് ഇ.ഡിയും പരിശോധന നടത്തുന്നത്.
ഒരേസമയം 17 ഇടങ്ങളിലാണ് പരിശോധന. ഭൂട്ടാനിൽനിന്ന് വാഹനം കടത്തിയതിൽ കള്ളപ്പണ ഇടപാട് നടന്നെന്ന സംശയത്തെ തുടർന്നാണ് ഇ.ഡി പരിശോധന നടത്തുന്നത്. മറ്റൊരു നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ചു ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്.
കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ.ഡിയുടെ വിശദീകരണം. കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിനു പിന്നാലെ ദുൽഖറിന്റെ കാറുകൾ കസ്റ്റഡിയിലെടുത്തിരുന്നു. പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുൽഖർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
ദുൽഖറിന്റെ അപേക്ഷയിൽ കസ്റ്റംസ് തീരുമാനം എടുക്കണമെന്ന് കോടതി അറിയിച്ചിരുന്നു. വാഹനം വിട്ടുനൽകാൻ കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഹരജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് മാറ്റുകയായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈകോടതിയെ സമീപിച്ചത്.
അതേസമയം വാഹനക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കസ്റ്റംസ്. വാഹനങ്ങള്‍ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചെന്നൈ, ബംഗളൂരു കസ്റ്റംസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് അന്വേഷണം. ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന നടത്തിയത്. മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നത് വലിയ തട്ടിപ്പുസംഘമാണെന്നും പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ ഇവർ തിരിമറി നടത്തുന്നുണ്ടെന്നും കസ്റ്റംസ് കമീഷണർ ടി.ജു. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.