കൊച്ചി: ബ്രൂവറി അഴിമതി സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിക്കാത്ത് എന്തുകൊണ്ടെന്ന പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷിന്‍റെ ചോദ്യത്തിന് മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർലമെന്‍ററികാര്യ മന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങൾ മന്ത്രിക്ക് അറിയില്ലേയെന്ന് ചെന്നിത്തല ചോദിച്ചു.
അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല എന്നതാണ് ചട്ടം.അതുകൊണ്ടാണ് ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരായെന്നാണ് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്താണ് അഴിമതി എന്ന് ഇതുവരെ പ്രതിപക്ഷത്തിന് പറയാൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച എല്ലാ കാര്യത്തിലും മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായ മറുപടി പറഞ്ഞതാണ്.
അത്ര വലിയ പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ലെന്നും മന്ത്രി ചോദിച്ചു. മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് പ്രതിപക്ഷത്തിനിപ്പോൾ. അഴിമതി പൊളിഞ്ഞതുപോലെ ജലചൂഷണ കഥയും പൊളിയുമെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.