മന്ത്രിസഭയുടെ കൂട്ടായ തീരുമാനം; ദുരിതാശ്വാസ നിധി കേസ് ആദ്യം മുതൽ വാദിക്കണമെന്ന് ലോകായുക്ത

news image
Aug 7, 2023, 3:44 pm GMT+0000 payyolionline.in

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് പണം നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി ഒറ്റക്ക് എടുത്തതല്ലെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും ലോകായുക്ത. അത് കൊണ്ട് ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രമാണ് പങ്കെന്ന് പറയാന്‍ കഴിയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മന്ത്രിസഭ തീരുമാനമാണെങ്കിലും വ്യക്തിപരമായി മന്ത്രിമാർക്ക് പങ്കുണ്ടെന്ന് പരാതിക്കാരന്‍ വാദിച്ചു. വാദത്തിനിടയില്‍ ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും പരാതിക്കാരന്‍റെ അഭിഭാഷകനും തമ്മില്‍ വാക്ക് തർക്കമുണ്ടായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ രാഷ്ട്രീയക്കാർക്ക് പണം നല്‍കിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരപരിധിയുണ്ടോ എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ വാദം. മൂന്നംഗ ബഞ്ചിലേക്ക് പുതിയ ആള്‍ വന്നത് കൊണ്ട് ആദ്യം മുതല്‍ വാദം വേണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ ആർ എസ് ശശികുമാറിൻ്റെ അഭിഭാഷകന്‍ ആദ്യം വഴങ്ങിയില്ല. വാക്ക് തർക്കത്തിനൊടുവിലാണ് പരാതിക്കാരന്‍ സമ്മതിച്ചത്. പണം നൽകിയ തീരുമാനത്തിൽ മന്ത്രിമാർക്ക് വ്യക്തിപരമായി ഉത്തരവാദിത്വമുണ്ടെന്ന് പരാതിക്കാരന്‍ വാദിച്ചു. എന്നാല്‍, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഈ വാദത്തെ എതിർത്തു. പണം നൽകാനുള്ള തീരുമാനം മന്ത്രിസഭ കൂട്ടായി എടുത്തതാണെന്നും ഒരാളെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ലോകായുക്ത പറഞ്ഞു.

നിയമപരമായല്ല പണം നൽകിയതെന്ന് പരാതിക്കാരന്‍ പറഞ്ഞെങ്കിലും ലോകായുക്ത അംഗീകരിച്ചില്ല. ഭരണപരമായാണ് പണം നൽകി ഉത്തരവ് ഇറക്കിയതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മന്ത്രിമാർ ആരെങ്കിലും മന്ത്രിസഭ യോഗത്തില്‍ എതിർപ്പ് രേഖപ്പെടുത്തിയോ എന്ന് പരാതിക്കാരന് അറിയുമോയെന്ന് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. അത് താന്‍ അറിയേണ്ട കാര്യമില്ലെന്നായിരിന്നു പരാതിക്കാരന്‍റെ മറുപടി. ഉപലോകായുക്ത ഇടക്കിടെ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പരാതിക്കാരന്‍ വാദം നിർത്തി. വാദിച്ചിട്ട് കാര്യമില്ലെന്ന് മനസിലായെന്നായിരുന്നു പരാതിക്കാരന്‍ പറഞ്ഞത്. ലോകായുക്ത ഇടപെട്ടാണ് പരതിക്കാരനെ അനുനയിപ്പിച്ചത്. കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജിയും പരാതിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ ജോർജ് പൂന്തോട്ടവും ഹാജയരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe