മന്ത്രിമാർക്കു മുന്നിൽ കർഷകപക്ഷം പിടിച്ച് പ്രസംഗം; ജയസൂര്യയ്ക്ക് സൈബർ വക കയ്യടി, കല്ലേറ്

news image
Sep 1, 2023, 4:22 am GMT+0000 payyolionline.in

കൊച്ചി ∙ കൃഷിമന്ത്രിയുൾപ്പെടെയുള്ളവർ പങ്കെടുത്ത കളമശേരിയിലെ കാർഷികമേളയുടെ വേദിയിൽ നെൽകർഷകരുടെ കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടിയ നടൻ ജയസൂര്യയ്ക്കു സമൂഹമാധ്യമങ്ങളിലൂടെ ‘കയ്യടിയും കല്ലേറും’. 45–ാം പിറന്നാൾ ദിനമായ ഇന്നലെ ജയസൂര്യ വാരാണസി യാത്രയിലായിരുന്നു. തന്റേതു കർഷകപക്ഷമാണെന്ന നിലപാടിൽ ഉറച്ചുനിന്ന ജയസൂര്യ കൂടുതൽ പ്രതികരണങ്ങൾക്കു തയാറായില്ല.

കുട്ടനാട്ടിൽ നിന്നുള്ള കർഷകർ ഉൾപ്പെടെ ജയസൂര്യയെ അഭിനന്ദിച്ചു രംഗത്തുവന്നു. മന്ത്രിമാരുടെ മുൻപിൽ കർഷകരുടെ കാര്യങ്ങൾ അവതരിപ്പിച്ച സംഭവത്തെ അനുകൂലിച്ചവരും എതിർത്തവരും നടന്റെ ഫെയ്സ്ബുക് പേജിൽ അഭിപ്രായങ്ങൾ കുറിച്ചു. ഇൻസ്റ്റഗ്രാം പേജിൽ പൊതുവേ ജയസൂര്യയ്ക്ക് അനുകൂല അഭിപ്രായങ്ങളായിരുന്നു. ട്രോൾ ഗ്രൂപ്പുകളും വെറുതേയിരുന്നില്ല. നടന്റെ രാഷ്ട്രീയ ചായ്‌വാണു കളമശേരിയിലെ പ്രതികരണത്തിലൂടെ പുറത്തുവന്നതെന്നും ഒരു വിഭാഗം രൂക്ഷമായി വിമർശിച്ചു.

നടൻ കൃഷ്ണപ്രസാദിനു നെല്ലു വിറ്റ കുടിശിക ജൂൺ 12 നു തന്നെ കിട്ടിയെന്ന വാർത്ത വന്നതോടെ ജയസൂര്യ കാര്യമറിയാതെ പ്രതികരിച്ചെന്ന മട്ടിലായിരുന്നു ചിലരുടെ  വിമർശനം. എന്നാൽ, തനിക്കു പണം കിട്ടാനല്ല സമരം നടത്തിയതെന്നും ഇരുപതിനായിരത്തോളം നെൽകർഷകർക്ക് 6 മാസമായി പണം കിട്ടിയിട്ടില്ലെന്നു വ്യക്തമാക്കി കൃഷ്ണപ്രസാദ് രംഗത്തുവന്നതോടെ ആക്രമിച്ചവർ പ്രതിക്കൂട്ടിലായി. പുതിയ സിനിമയുടെ മുന്നോടിയായുള്ള പ്രചാരണ തന്ത്രമാണെന്നും ചിലർ ആരോപണമുയർത്തി.

ഡൽഹിയിൽ കർഷക സമരം നടക്കുമ്പോൾ ജയസൂര്യ മൗനം പാലിച്ചെന്നും ചിലർ വിമർശിച്ചെഴുതി. മാധ്യമങ്ങളെ ഉപയോഗിച്ചു സ്റ്റേറ്റിനെതിരെ ജയസൂര്യ ആക്രമണം നടത്തിയെന്നുവരെപ്പോയി വിമർശനക്കാർ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe