‘‘മനുഷ്യ ജീവന് വിലയില്ലാതായി”: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

news image
Jan 6, 2025, 2:03 pm GMT+0000 payyolionline.in

കൊച്ചി:  കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ‘‘മനുഷ്യ ജീവന് വിലയില്ലാതായി, സംഘാടകര്‍ക്ക് പണം മാത്രം മതി. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയാറായോ?’’– കോടതി ചോദിച്ചു. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിമർശനം.

പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ ഉടമ നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൽ റഹീം, നിഘോഷിന്‍റെ ഭാര്യ സി.മിനി എന്നിവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിനും വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് മൂന്നുപേരും മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്. കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ സുരക്ഷാവീഴ്ച മൂലം തൃക്കാക്കര എംഎൽഎ ഉമ തോമസിന് സ്റ്റേജിൽനിന്നു വീണ് ഗുരുതര പരുക്കേറ്റിരുന്നു. ഇതിലും സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
നൃത്തപരിപാടിയിൽ പങ്കെടുത്തവരില്‍നിന്നു സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്ന് കോടതി ആരാഞ്ഞു. മനുഷ്യൻ വീണിട്ടും പരിപാടി തുടർന്നുകൊണ്ടുപോയി. സാധാരണ മനുഷ്യന്‍ വീണാലും പരിപാടി നിര്‍ത്തിവയ്ക്കണമായിരുന്നു. ഇത്രയും ഗൗരവമുള്ള കേസിൽ എങ്ങനെയാണ് പ്രതികൾക്ക് ഇടക്കാല ജാമ്യം ലഭിച്ചതെന്നും കോടതി ആരാഞ്ഞു. പരിപാടിയുടെ ബ്രോഷര്‍, നോട്ടിസ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനും സംഘാടകര്‍ക്ക് കോടതി നിർദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe