മനാമ: ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന് ബലം പ്രയോഗിച്ച് നൈറ്റ്ക്ലബ് നർത്തകരാക്കിയ രണ്ട് ഏഷ്യൻ യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. യുവതികളുടെ സാമ്പത്തിക പ്രയാസം ചൂഷണം ചെയ്താണ് നാട്ടുകാരിയായ സ്ത്രീ, ഇവരെ റസ്റ്റാറന്റിൽ പരിചാരക ജോലി വാഗ്ദാനം ചെയ്താണ് ബഹ്റൈനിലെത്തിച്ചത്.
330 ദീനാർ ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തത്. നാട്ടുകാരിയായ സ്ത്രീ, ഏർപ്പാടാക്കിയതനുസരിച്ച് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിലെത്തിയ ഇരയെ പ്രതിയായ യുവാവ് തന്റെ അപ്പാർട്മെന്റിലേക്ക് കൊണ്ടുപോയി. തുടർന്ന് യുവതിയെ നിശാക്ലബിലെത്തിച്ച് രാത്രി ഒമ്പത് മുതൽ വെളുപ്പിന് നാലുവരെ നൃത്തം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. എതിർത്തപ്പോൾ മർദനമുണ്ടായി.
പ്രതി യുവതിയെ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോകുകയും ദിവസവും 7-8 മണിക്കൂർ നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഓരോ ഷിഫ്റ്റിനും ശേഷവും പ്രതിയുടെ അപ്പാർട്മെന്റിൽ തടവിലാക്കും. പ്രതിഷേധിച്ച ഇരയെ, യുവാവ് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇടപാടുകാരുമായി ഇടപഴകാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ കൂടുതൽ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി.
ദുരുപയോഗം റിപ്പോർട്ട് ചെയ്യാതിരിക്കാൻ അയാൾ യുവതിയുടെ ഫോൺ പിടിച്ചെടുത്തു. ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം മാത്രമാണ് യുവതിക്ക് കൊടുത്തിരുന്നത്. നൈറ്റ് ക്ലബ്ബിൽനിന്ന് ലഭിക്കുന്ന പണം പ്രതി കൈക്കലാക്കും. യുവതിക്ക് പണം നൽകിയിരുന്നില്ല.
രണ്ടാമത്തെ യുവതിയെയും സമാന രീതിയിൽ, നാട്ടുകാരിയായ സ്ത്രീ മുഖാന്തരം എത്തിക്കുകയായിരുന്നു. എന്നാൽ ഈ യുവതി പൊലീസിനെ വിവരമറിയിച്ചതാണ് പ്രതിയെ പിടികൂടാനും യുവതികളെ മോചിപ്പിക്കാനുമിടയാക്കിയത്.
ഹ്യൂമൻ ട്രാഫിക്കിങ് ആൻഡ് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റ് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവതികളെയും ചൂഷണം ചെയ്തതിൽ പ്രതിക്ക് പങ്കുള്ളതായി കണ്ടെത്തി. അഞ്ചു വർഷത്തെ തടവും 2,000 ദീനാർ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ചത്. ഇരകളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവും പ്രതി വഹിക്കണം.
ശിക്ഷക്കുശേഷം പ്രതിയെ നാടുകടത്തും. വിധിക്കെതിരായ പ്രതിയുടെ അപ്പീലിൽ സെപ്റ്റംബർ 30ന് ഹൈ അപ്പീൽ കോടതി വാദം കേൾക്കും.