മധ്യപ്രദേശിലെ 19 സ്ഥലങ്ങളിൽ ഇന്നു മുതൽ പൂർണ മദ്യനിരോധനം

news image
Apr 1, 2025, 6:55 am GMT+0000 payyolionline.in

ഭോപ്പാൽ: മതപരമായ പ്രാധാന്യമുള്ള 19 സ്ഥലങ്ങളിൽ ഇന്നു മുതൽ മധ്യപ്രദേശ് സർക്കാർ മദ്യവില്പനയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. മഹാകാലേശ്വര് ക്ഷേത്ര നഗരമായ ഉജ്ജൈൻ, അമർകാന്തക്, ഓംകാരേശ്വർ തുടങ്ങിയ പ്രശസ്ത സ്ഥലങ്ങളും ഈ നിരോധനത്തിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഈ നയം അനുസരിച്ച് ഈ പ്രദേശങ്ങളിലെ മദ്യശാലകൾക്ക് പുതിയ ലൈസൻസുകൾ നൽകുന്നില്ല. നിലവിലുള്ളവ പ്രവർത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, അടച്ചുപൂട്ടലിൽ നിന്നുള്ള വരുമാനനഷ്ടം നികത്താൻ മറ്റ് സ്ഥലങ്ങളിൽ മദ്യത്തിൻ്റെ വില വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. മദ്യനിരോധനം സംസ്ഥാനത്ത് പൂർണമായി നടപ്പാക്കുന്നതിന് മുൻപുള്ള ആദ്യ ചുവടാണ് ഇതെന്നും മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.

മദ്യ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ നാടായ ഉജ്ജയിനുമുണ്ട്. ശ്രീകൃഷ്ണനും ശ്രീരാമനും മധ്യപ്രദേശിൽ കാലുകുത്തിയ സ്ഥലങ്ങളിലെല്ലാം മദ്യം നിരോധിക്കുമെന്ന് നർസിംഗ്പൂർ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മദ്യപാനത്തിൻറെ ദൂഷ്യഫലങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. നമ്മുടെ യുവാക്കൾ രാജ്യത്തിൻറെ ഭാവി വാഗ്ദാനങ്ങളാണ്. അവർ മോശം വഴിയിലൂടെ സഞ്ചരിക്കരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.

ദാതിയ, പന്ന, മണ്ഡ്‌ല, മുൾട്ടായി, മന്ദ്‌സൗർ, മൈഹാർ, ഓംകാരേശ്വർ, മഹേശ്വർ, മണ്ഡലേശ്വർ, ഓർച്ച, ചിത്രകൂട്, അമർകണ്ടക്, സൽകാൻപൂർ, ബർമാൻ കാല, ലിംഗ, കുന്ദൽപൂർ, ബന്ദക്പൂർ എന്നീ മേഖലകളിലാണ് മദ്യവില്പന നിരോധിച്ചത്.

ജനുവരി 25 ന് മധ്യപ്രദേശ് സർക്കാർ പുതിയ എക്സൈസ് നയം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള മതപരമായ പ്രാധാന്യമുള്ള 19 സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനും പൂർണ്ണമായ നിരോധനംഏർപ്പെടുത്തുന്നതാണ് ഇതിൽ ഉൾപ്പെടുന്നത്. ‘പുതിയ എക്സൈസ് നയം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ധനകാര്യ, എക്സൈസ് മന്ത്രി ജഗദീഷ് ദിയോദ പറഞ്ഞു.

എക്സൈസ് നയം പ്രാബല്യത്തിൽ വരുമ്പോൾ ഏകദേശം 47 മദ്യശാലകൾ അടച്ചുപൂട്ടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe