തൃശൂർ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ മുടിക്കോട് സെന്ററിൽ ഒരാഴ്ചയിലേറെയായി ഗതാഗതക്കുരുക്ക് നിത്യ സംഭവമാകുന്നു. രാവിലെ ആറുമണി മുതൽ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാവിലെ 10.30 വരെ നീണ്ടുനിൽക്കും. തിങ്കളാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്കിൽ പാലക്കാട് ഭാഗത്തുനിന്നും അത്യാസന്ന രോഗിയുമായി വന്ന ആംബുലൻസും അകപ്പെട്ടു വളരെ പാടുപെട്ടാണ് ആംബുലൻസ് ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെട്ടത്.
പ്രദേശത്ത് അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ 200 മീറ്റർ ദൂരം സർവീസ് റോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. അവിടെയാണ് വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് കിണർ ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇവിടമെന്ന് നാട്ടുകാർ പറയുന്നു. വലിയ ഭാര വാഹനങ്ങൾ അടക്കം പോകുന്നതുമൂലം കുഴിയുടെ വ്യാപ്തി വലുതായിരിക്കുകയാണ്. പ്രദേശത്ത് ഇരുചക്ര വാഹനങ്ങളും നാല് ചക്രവാഹനങ്ങളും അപകടത്തിൽ പെടുന്നുമുണ്ട്. റോഡിൽ ഗതാഗതം തടസപ്പെടുന്ന തരത്തിൽ വലിയ കുഴി രൂപപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കുഴി അടയ്ക്കുവാനോ ടാറിങ് നടത്തുവാനോ കരാർ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.