മണ്ഡല-മകരവിളക്ക് ഉത്സവം; ശബരിമല നടയടച്ചു

news image
Jan 20, 2025, 3:21 am GMT+0000 payyolionline.in

ശബരിമല : മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ തിങ്കളാഴ്ച രാവിലെ 6:30 നാണ് നട അടച്ചത്.

രാവിലെ അഞ്ചിന് നട തുറന്നശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്ക ഘോഷയാത്ര തിരിച്ചു.

തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേൽശാന്തി ശ്രീക്കോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.

പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥിന് കൈമാറി. മാസപൂജകൾക്കുള്ള ചെലവിനായി പണക്കിഴിയും നൽകി.

തുടർന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. തിരുവാഭരണ ഘോഷയാത്ര 23 ന് പന്തളത്ത് എത്തിച്ചേരും. അഭൂതപൂര്‍വമായ ഭക്തജന തിരക്കിനാണ് കടന്നു പോയ തീർത്ഥാടന കാലം സാക്ഷ്യം വഹിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe