ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർധന. 41 ദിവസം നീണ്ട മണ്ഡലകാലത്ത് 32,49,756 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വർഷം ഇത് 28,42,447 ആയിരുന്നു. 4,07,309 തീർഥാടകർ ഇത്തവണ അധികമായെത്തി. 5,66,571 പേർ തത്സമയ ഓൺലൈൻ ബുക്കിങ് വഴിയാണ് സന്നിധാനത്ത് എത്തിയത്. 74,774 തീർഥാടകർ പുല്ലുമേട് വഴി എത്തിയും ദർശനം നടത്തി. സീസൺ ആരംഭിച്ച് വ്യാഴാഴ്ച വരെ 35,36,576 പേരും ശബരിമലയിൽ എത്തി. തീർഥാടകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചപ്പോഴും മണ്ഡലകാലം വളരെ ഭംഗിയായി പൂർത്തിയാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെയും ദേവസ്വം ബോർഡിന്റെയും കൂട്ടായ ഇടപെടലിലൂടെ സാധിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു.
മണ്ഡലകാലം പൂർത്തിയായപ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിലും വലിയ വർധനവുണ്ടായി. 2,97,06,67,679 രൂപയാണ് ശബരിമല മണ്ഡല തീർഥാടനകാലത്തെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 2,14,82,87,898- രൂപയായിരുന്നു. 82,23,79,781 രൂപയുടെ വരുമാന വർധനവ് ഇത്തവണ ഉണ്ടായി. അരവണ ഇനത്തിൽ 1,24,02,30,950 രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 1,01,95,71,410 -രൂപയായിരുന്നു. 22,06,59,540 രൂപയാണ് അധികമായി ലഭിച്ചത്. കാണിക്കയിനത്തിൽ 80,25,74,567- രൂപയും ലഭിച്ചു. കഴിഞ്ഞ വർഷം 66,97,28,862- രൂപയായിരുന്നു കാണിക്കയിനത്തിൽ ലഭിച്ചത്. ഈ വർഷം 13,28,45,705 രൂപയുടെ വർധനവാണ് ഉണ്ടായത്.
മകരവിളക്കിനും തീർഥാടകർ കൂടുതലെത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് ബോർഡും സർക്കാരും ഏറ്റെടുത്തിരിക്കുന്നത്. ഇത്തവണത്തെ പമ്പാ സംഗമം 12ന് വൈകിട്ട് നാലിന് പമ്പാ മണപ്പുറത്ത് നടക്കും. ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ജയറാം, കാവാലം ശ്രീകുമാർ, വയലാർ ശരത്ചന്ദ്ര വർമ, ഡോ. എ ജി ഒലീന, ജയൻ ചേർത്തല തുടങ്ങിയവർ പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.