പയ്യോളി: കരൾ പകുത്ത് നൽകാൻ അമ്മയുണ്ടായിട്ടും ചികിത്സാ ചെലവിന് മുമ്പിൽ പകച്ചുനിന്ന അഭിരാമിക്കായി അയനിക്കാട് കുറ്റിയിൽ പിടിക പ്രദേശത്തുനിന്ന് നൽകിയത് 61,250 രൂപ. ചികിത്സാസഹായ സമിതി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിൽ പങ്കാളികളായത് 365 പേരാണ്. ബിരിയാണി ചാലഞ്ചിന് പുറമേ ചികിത്സക്കായുള്ള ധനസഹായം കൂടി ലഭിച്ചതോടെയാണ് ഇത്രയും തുക ശേഖരിക്കാൻ ആയത്.
പ്ലസ് വൺ വിദ്യാർത്ഥിയായ അഭിരാമിക്ക് രോഗം സ്ഥിരീകരിക്കുന്നത് ഒന്നരമാസം മുൻപാണ്. കരൾ പകുതി നൽകാൻ അമ്മയുണ്ടായിട്ടും ചികിത്സയ്ക്കായുള്ള 30 ലക്ഷം രൂപ സ്വപ്നം കാണാൻ പോലും കഴിയാത്ത അവസ്ഥയാണ് അഭിരാമിയുടെ കുടുംബത്തിന്റേത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പണം കണ്ടെത്തുന്നതിനായി ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്. പി.കെ സുരേഷ്, ഷിജിത്ത്, ദിപീഷ് കുട്ടൻ, സി. കെ മനീഷ്, കെ, രാജേഷ് പുതുപ്പറമ്പിൽ, എംപി ദിപീഷ്, പി .ശരത്ത്, സികെ നിശാന്ത്, അതുൽ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കുറ്റിയിൽ പീടികയിലെ പ്രവർത്തനങ്ങൾ