മണിപ്പൂർ സംഘർഷം : 18 മലയാളികളെക്കൂടി നോർക്ക റൂട്ട്സ് നാട്ടിലെത്തിച്ചു

news image
May 10, 2023, 2:26 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംഘർഷവും ക്രമസമാധാനപ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ നിന്നും വിദ്യാർഥികൾ ഉൾപ്പെടെ 18 മലയാളികളെ കൂടി നോർക്ക റൂട്ട്സ് നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോർക്ക എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ അനു ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മൂന്നു മാസം പ്രായമുളള കുഞ്ഞുൾപ്പെടെയുളളവരാണ് തിരിച്ചെത്തിയവർ.

തുടർന്ന് ഇവരെ വാനിലും, കാറിലുമായാണ് നാട്ടിലെത്തിച്ചത്. മൂന്നു പേർ സ്വന്തംവാഹനത്തിലാണ് ചെന്നൈയിൽ നിന്നും നാട്ടിലെത്തിയത്. ഇംഫാലിൽ നിന്നുളള വിമാനടിക്കറ്റ് ഉൾപ്പെടെയുളളവ നോർക്ക റൂട്ട്സ് വഹിച്ചു. മണിപ്പൂരിലെ സെൻട്രൽ അഗ്രിക്കൾച്ചറൽ യൂനിവേഴ്സിറ്റി, ഇൻഫർമേഷൻ ടെക്നോളജി മണിപ്പൂർ, ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലെ പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർഥികളാണ് തിരിച്ചെത്തിയവർ.

ഇന്ന് രാത്രി ഒൻപതരയോടെ 20 വിദ്യാർഥികൾ കൂടി ഇംഫാലിൽ നിന്നും ചെന്നൈയിലെത്തും. കഴിഞ്ഞ ദിവസം ഒൻപത് വിദ്യാർത്ഥികൾ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഇംഫാലിൽ നിന്നും വിമാനമാർഗ്ഗം ബംഗലൂരുവിലും തുടർന്ന് ഇവരെ ബസ്സുമാർഗ്ഗവുമാണ് നാട്ടിലെത്തിച്ചത്. ഇതോടെ നോർക്ക റൂട്ട്സ് വഴി ഇതുവരെ 27 പേർ നാട്ടിൽ സുരക്ഷിതരായി തിരിച്ചെത്തി.

നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഹെഡ്ഡോഫീസിനു പുറമേ ഡൽഹി, ബംഗളൂരു, ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളെയും മണിപ്പൂരിൽ നിന്നുളള രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാം. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്ഡ് കോള്‍ സർവീസ് )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe