ഇംഫാൽ: ഒരു ഇടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. തൗബാൽ ജില്ലയിൽ വെടിവെപ്പിൽ നാല് പേർ മരിച്ചതിന് പിന്നാലെ തൗബാൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപുർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷം പടരാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് സുരക്ഷാസേന.
തിങ്കളാഴ്ച വൈകീട്ട് തൗബാൽ ജില്ലയിലെ ലിലോങ് ചിങ്ജാവോ പ്രദേശത്താണ് മുഖംമൂടി ധരിച്ച അജ്ഞാതൻ നാട്ടുകാർക്കെതിരെ വെടിയുതിർത്തത്. നാല് വാഹനങ്ങളിലായി പൊലീസ് വേഷത്തിൽ എത്തിയാണ് അക്രമികൾ വെടിയുതിർത്തത്. നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കി. ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി എൻ. ബൈരൻ സിങ്, ലിലോങ് വാസികളോട് സമാധാനത്തിന് ആഹ്വാനം ചെയ്തു. ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.