ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും കലാപമുണ്ടായ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ ഇവിടം സന്ദർശിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഈസ്റ്റേൺ കമാന്റ് ഉദ്യോഗസ്ഥർ കരസേനാ മേധാവിക്ക് വിശദീകരണം നൽകും.
അതിനിടെ, സംസ്ഥാനത്ത് പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യൻ സൈന്യവും അസം റൈഫിൾസും മണിപ്പൂരിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇംഫാൽ ഈസ്റ്റിലും ചർചന്ദ്പൂരിലും ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവെപ്പ് സുരക്ഷാ സംഘങ്ങൾ ഇടപെട്ട് തടഞ്ഞു. ഇവിടെ ആയുധധാരികളായ ചിലർ വെടിയുതിർത്ത ശേഷം മലങ്കാടുകളിലേക്ക് രക്ഷപ്പെട്ടതായി സൈന്യം വ്യക്തമാക്കി. വെടിവെപ്പിൽ ആർക്കും പരിക്കില്ല.
ഗോത്ര വിഭാഗത്തിൽ ഉൾപ്പെടാത്ത മെയ്തേയ് വിഭാഗത്തിന് പട്ടിക വർഗ പദവി നൽകാനുള്ള 10 വർഷം മുമ്പേയുള്ള തീരുമാനം നടപ്പാക്കാൻ മണിപ്പൂർ ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെട്ടതാണ് അക്രമങ്ങൾക്ക് ഇടയാക്കിയത്. ഈ വംശീയ കലാപത്തിൽ 60 ഓളം പേർക്ക് ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വീടുകൾക്ക് തീയിടുകയും മറ്റ് അക്രമങ്ങൾ അരങ്ങേറുകയുമായിരുന്നു.
സംസ്ഥാനത്തെ സാഹചര്യം നിയന്ത്രിക്കാനായി കൂടുതൽ സുരക്ഷാ സേനയെ എത്തിക്കുമെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സായുധ പൊലീസ് സേന, മണിപ്പൂർ പൊലീസ്, മണിപ്പൂർ റൈഫിൾസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി), വില്ലേജ് ഡിഫൻസ് ഫോഴ്‌സ് (വി.ഡി.എഫ്) എന്നിവരടങ്ങുന്ന സുരക്ഷാ സേനയെയാണ് സംസ്ഥാനത്ത് നിയോഗിച്ചത്. ഇവരെ അക്രമ സാധ്യതയുള്ള 38 മേഖലകളിലായാണ് വിന്യസിച്ചത്.
ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും എല്ലാ വിഭാഗം ജനങ്ങളുമായും സമാധാന ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അക്രമ പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണം. വിവിധ സമുദായങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്ത് മൂന്ന് ദിവസത്തെ സന്ദർശനം നടത്തും.