ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കില്ല. മണിപ്പുരിൽ ഗവർണറെ കാണാൻ എത്തിയ മുഖ്യമന്ത്രി ബിരേൻ സിങിനെ അണികൾ തടഞ്ഞു. രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്ത വന്നതോടെയാണ് അണികൾ മുഖ്യമന്ത്രിയെ തടഞ്ഞത്. ബിരേന്‍ സിംഗ് രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട അനുയായികള്‍ രാജിക്കത്ത് കീറിയെറിഞ്ഞു. ഇതിന് പിന്നാലെ രാജിവെയ്ക്കില്ലെന്ന പ്രഖ്യാപനവുമായി ബിരേന്‍ സിംഗ് രംഗത്തെത്തി.
മണിപ്പുരിൽ സംഘർഷം നിയന്ത്രണാതീതമായതിനെ തുടർന്ന് മുഖ്യമന്ത്രി രാജി വെക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും മൗനം പാലിക്കുകയാണ്. മണിപ്പുരിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.