കോഴിക്കോട്: ഗുഡ്സ് ഓട്ടോ മോഷ്ടിച്ച് കടന്നുകളയാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് പൊലീസ് പിടിയിലായി. ഓട്ടോ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ വലയിലായത്. കോഴിക്കോട് കുണ്ടുങ്ങല്‍ മമ്മദാജി പറമ്പില്‍ എന്‍ വി ഹൗസില്‍ താമസിക്കുന്ന എന്‍ വി താഹിറാണ് (47) പിടിയിലായത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ ദിവസം അഴിയൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സുനില്‍ കുമാര്‍ എന്നയാളുടെ കെ എല്‍ 18 പി 6974 എന്ന നമ്പറിലുള്ള ഗുഡ്സ് ഓട്ടോയുമായാണ് താഹിര്‍ മുങ്ങിയത്. വാഹനം കാണാതായതോടെ സുനില്‍ കുമാര്‍ ചോമ്പാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയായിരുന്നു. എന്നാല്‍ താഹിര്‍ ഓട്ടോയുമായി രക്ഷപ്പെടുന്നതിനിടെ വാഹനം മടപ്പള്ളി ഭാഗത്തുവെച്ച് ഡിവൈഡറില്‍ തട്ടി മറിഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസുകാര്‍ താഹിറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണം പോയ വാഹനം തന്നെയാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചോമ്പാല എസ് ഐ പ്രശോഭ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനന്തന് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.