മങ്കട: കടന്നമണ്ണയിൽ സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെ അന്യായമായി മർദിച്ചുവെന്നാരോപിച്ച് സ്വകാര്യ ബസുകൾ ചൊവ്വാഴ്ച ഉച്ച മുതൽ മിന്നൽ പണിമുടക്ക് നടത്തി. ബസ് ജീവനക്കാരുടെ പെട്ടെന്നുള്ള സമരത്തിൽ വിദ്യാർഥികളടക്കം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കടന്നമണ്ണയിലാണ് മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഹയമോൾ ബസ് ജീവനക്കാരൻ കടന്നമണ്ണ കൊണ്ടപുറത്ത് യദുകൃഷ്ണന് (27) മർദനമേറ്റത്. വിദ്യാർഥികളെ കയറ്റിയില്ലെന്നാരോപിച്ച് മർദിച്ചതായാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉച്ച മുതൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുകയുമായിരുന്നു. തുടർന്ന് വൈകീട്ട് പൊലീസ് കേസെടുക്കുകയും ബസ് സർവിസ് തുടങ്ങുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ബസിൽനിന്ന് വിദ്യാർഥികൾ വീണതായും നാട്ടുകാർ പറയുന്നു. തൊട്ടുപിറകിൽ ബസ് ഉണ്ടായിരുന്നതായും സമയം വൈകിയതിനാൽ ബോർഡ് മാറ്റിവെച്ച് യാത്രക്കാരെ കയറ്റാതെ പോകുകയായിരുന്ന ബസ് തടഞ്ഞാണ് മർദിച്ചതെന്നും ജീവനക്കാർ പറയുന്നു.