മകരവിളക്കിന് സംസ്ഥാനത്ത് 800 ബസുകൾ അധിക സർവീസ് നടത്തും: മന്ത്രി ഗണേഷ് കുമാർ

news image
Jan 4, 2024, 1:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.

പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻ്റിൽ കയറേണ്ടതില്ല. ബസിൽ ആളു നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണം. ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെൻ്റ് സൗകര്യവും ഒരുക്കും.

ദേവസ്വം ബോർഡ് നിലയ്ക്കലിലെ റോഡുകളിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ തിരക്കുകളിൽ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ് മോട്ടോർ വാഹന വകുപ്പിൻ്റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണം. കെഎസ്ആർടിസി ഡ്രൈവർമാർക്കും, ദീർഘദൂര ബസുകളിലെ ഡൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കൽ സേഫ് സോൺ, നിലയ്ക്കൽ, പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe