മകരജ്യോതി സുരക്ഷ ഒരുക്കം; തിരുവാഭരണഘോഷയാത്ര ഇടത്താവളം കലക്ടര്‍ സന്ദര്‍ശിച്ചു

news image
Jan 8, 2026, 8:19 am GMT+0000 payyolionline.in

പത്തനംതിട്ട: ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ മകരജ്യോതി ദര്‍ശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി. ളാഹ വനം വകുപ്പ് ഓഫീസ് പരിസരത്തുള്ള തിരുവാഭരണഘോഷ യാത്ര ഇടത്താവളം കലക്ടര്‍ സന്ദര്‍ശിച്ചു. മകരജ്യോതി ദര്‍ശന ഇടങ്ങളായ പഞ്ഞിപ്പാറ, ഇലവുങ്കല്‍, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് ഉന്നതി, അട്ടത്തോട് എന്നിവിടങ്ങളിലെ സുരക്ഷയും പരിശോധിച്ചു.

പഞ്ഞിപ്പാറയില്‍ സുരക്ഷ വേലി ഉള്‍പ്പെടെ നിര്‍മാണം പുരോഗമിക്കുന്നു. ഇവിടെ ഭക്തര്‍ക്ക് അന്നദാനം ഒരുക്കും. ആരോഗ്യവകുപ്പിന്റെ കീഴില്‍ ആംബുലന്‍സ് സൗകര്യം ദര്‍ശന ഇടങ്ങളില്‍ ഉറപ്പാക്കും. സീതത്തോട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ ഭക്തര്‍ക്ക് വിരിവയ്ക്കാനും ടോയ്ലറ്റ് സൗകര്യവും പഞ്ഞിപ്പാറയില്‍ തയാറായി. ദര്‍ശന ഇടങ്ങളിലെല്ലാം കുടിവെള്ളം ഉറപ്പാക്കും.

ഇലവുങ്കല്‍, അട്ടത്തോട്, നെല്ലിമല ദര്‍ശന ഇടങ്ങളില്‍ സുരക്ഷ വേലി സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. നെല്ലിമലയില്‍ അടക്കം ഫയര്‍ഫോഴ്സ് സേവനം ലഭ്യമാക്കും. പൊലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ദര്‍ശന ഇടങ്ങളില്‍ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജനുവരി 14 നാണ് ശബരിമല മകരവിളക്ക്. ശബരിമല എ.ഡി.എം. അരുണ്‍ എസ്. നായര്‍, ജില്ല പൊലിസ് മേധാവി ആര്‍. ആനന്ദ്, റാന്നി ഡി.എഫ്.ഒ എന്‍. രാജേഷ് കുമാര്‍, ദുരന്തനിവാരണം വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. .രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe