ചെന്നൈ : ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന്‍ 3 ഭൂമിയുടെ ഭ്രമണപഥം വിട്ടു. പേടകം ഭൂമിയുടെ ഗുരുത്വാകര്‍ഷണം കടന്ന് കുതിപ്പ് തുടരുകയാണെന്ന് ഐ.എസ്. ആര്. ഒ വ്യക്തമാക്കി. ഭൂമിയുടേയും ചന്ദ്രന്റേയും സ്വാധീനമില്ലാത്ത പാതയിലൂടെയാകും ഇനിയുള്ള നാല് ദിവസം പേടകം യാത്രചെയ്യുക. തുടര്‍ന്ന് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ഓഗസ്റ്റ് 23ന് വൈകിട്ടോടെ പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് ഐ.എസ്.ആര്.ഒയുടെ കണക്കുകൂട്ടല്‍.
ജൂലൈ 14 ന് വിക്ഷേപിക്കപ്പെട്ട ശേഷം അഞ്ച് തവണയായാണ് ചന്ദ്രയാന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ചന്ദ്രോപരിതലലത്തിൽ ആദ്യമായി ഇന്ത്യയുടെ ഒരു ലാൻഡർ സുരക്ഷിതമായി സോഫ്റ്റ്ലാൻഡ് ചെയ്യിപ്പിക്കുക, ലാൻഡറിനുള്ളിലെ റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കിവിട്ട് പര്യവേക്ഷണങ്ങൾ നടത്തുക എന്നതാണ് പ്രധാനമായും ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലക്ഷ്യം.