ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ്‌വയ്‌ക്കണം: എൽഡിഎഫ് രാജ്‌ഭവൻമാർച്ച്‌ ഇന്ന്‌

news image
Jan 9, 2024, 5:12 am GMT+0000 payyolionline.in
ഇടുക്കി : നിയമസഭ  ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പുവയ്‌ക്കാത്ത ഗവർണർക്കെതിരെ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആയിരക്കണക്കിന്‌ കർഷകർ ചൊവ്വാഴ്‌ച രാജ്‌ഭവനിലേക്ക്‌ മാർച്ച്‌ നടത്തും. പകൽ രണ്ടിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യും. എൽഡിഎഫ്‌ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്നൊടുവിലാണ്‌ 2023   സെപ്‌തംബർ 14ന്   ഭൂനിയമ ഭേദഗതി  പാസാക്കിയത്.  ബിൽ അവതരിപ്പിച്ച് മൂന്നരമാസം കഴിഞ്ഞിട്ടും ഒപ്പിടാൻ ഗവർണർ തയാറായിട്ടില്ല. ആർ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന ഭൂ നിയമങ്ങളാണ്‌ പിന്നീട്‌ ലക്ഷക്കണക്കിന്‌ കർഷകരുടെ  ജീവിതം വഴിമുട്ടാനിടയായത്‌. എല്ലാ വിഭാഗങ്ങൾക്കും പ്രയോജനകരമാകുന്ന  കൃഷിയോടൊപ്പം അനുബന്ധ നിർമാണ പ്രവർത്തനങ്ങൾകൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയാണ്‌ പാസാക്കിയിട്ടുള്ളത്‌. ആശുപത്രിയടക്കം പൊതുസ്ഥാപനങ്ങളുടേയും പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ നിർമാണം അനുവദിച്ചുകൊടുക്കുന്നതാണ്‌ ഭേദഗതി ബിൽ. എന്നാൽ   കർഷക വിരുദ്ധരും അരാഷ്‌ട്രീയ വാദികളുമായ ചില പിരിവ്‌ സംഘടനാ ഭാരവാഹികളും ബില്ലിൽ ഒപ്പിടരുതെന്ന നിവേദനം നൽകിയിട്ടുണ്ട്‌. ഇടുക്കി ജനതയെ ഭിന്നിപ്പിക്കുകയാണ്‌ ഗവർണറുടെ ലക്ഷ്യമെന്നും അതുകൊണ്ടാണ്‌ രാജ്‌ഭവൻ മാർച്ച്‌ ദിവസംതന്നെ ഇടുക്കിയിലെത്തുന്നതെന്നും എൽഡിഎഫ്‌ നേതാക്കൾ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe