മീർപേട്ട് (ഹൈദരാബാദ്): ഹൈദരാബാദിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറസ്റ്റിലായി. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൊലപാതകം നടന്നത്.
അഞ്ച് വർഷമായി വെങ്കിടേശ്വര കോളനിയിലാണ് പതിമൂന്ന് വർഷം മുമ്പ് വിവാഹിതരായ ഭാര്യയും ഭർത്താവും താമസിക്കുന്നത്. ഈ മാസം 16ന് പരാതിക്കാരിയുടെ മകൾ മാധവിയും ഭർത്താവ് ഗുരുമൂർത്തിയും വഴക്കിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ജനുവരി 17ന് ആണ് യുവതിയെ കാണാനില്ലെന്ന് മാതാവ് പൊലീസിൽ പരാതി നൽകുന്നത്.
തുടർന്ന് പൊലീസ് സൈനികനെ ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച ശേഷം ബാക്കിയായവ കായലിൽ എറിഞ്ഞുവെന്ന് മൊഴി നൽകി. കഞ്ചൻബാഗിൽ ഇപ്പോൾ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സൈനികനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായ അന്വേഷണം നടത്തുന്നതായും മീർപേട്ട് പോലീസ് ഇൻസ്പെക്ടർ നാഗരാജു പറഞ്ഞു.