അടൂര്‍ (പത്തനംതിട്ട): നാലുവയസ്സുള്ള മകനുമായി സ്വകാര്യബസിന് മുന്നില്‍ ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ രണ്ടുപേരും രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.30-ന് അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റോഡരികിലൂടെ കുട്ടിയുമായി വന്നയാളാണ് പെട്ടെന്ന് റോഡിന്റെ മധ്യത്തിലേക്കിറങ്ങി ബസിന് മുന്നിലേക്ക് ചാടിയത്. അടൂര്‍-ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘അശ്വിന്’ എന്ന ബസിന്റെ മുന്നിലേക്ക് ചാടിയായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. ബസ് ഡ്രൈവറായ ബി. ഉണ്ണികൃഷ്ണന് ഉടന്‍തന്നെ ബ്രേക്കിട്ട് ബസ് നിര്‍ത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ കുട്ടിയെയും എടുത്ത് റോഡില്‍നിന്ന് എഴുന്നേല്ക്കുകയും ഓടിപ്പോകാന്‍ ശ്രമിക്കുകയുംചെയ്തു. ഇതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കുട്ടിയെ പിടിച്ച് ഒരാള്‍ വരുന്നത് കണ്ടിരുന്നതായി ബസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന് പറഞ്ഞു. വണ്ടി അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് അയാള്‍ മുന്നിലേക്ക് ചാടി. അപ്പോള്‍ തന്നെ ബ്രേക്ക് ചവിട്ടി. ഭാഗ്യത്തിന് രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുമായി ആത്മഹത്യാശ്രമം നടത്തിയ 45-കാരന് ആദിക്കാട്ടുക്കുളങ്ങര സ്വദേശിയാണെന്നാണ് പോലീസില്‍നിന്നുള്ള വിവരം. ഭാര്യയ്ക്കും മകനും ഒപ്പം തിങ്കളാഴ്ച രാവിലെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയതാണെന്നും എന്നാല്‍, ആശുപത്രിയില്‍വെച്ച് ഭാര്യയെ കാണാതായെന്നും ഇതിന്റെ വിഭ്രാന്തിയിലാണ് മകനുമായി ബസിന് മുന്നിലേക്ക് ചാടിയതെന്നുമാണ് 45-കാരന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ‘ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
