കൊച്ചി: ഭാര്യക്ക് പാചകമറിയില്ലെന്നത് വിവാഹമോചനത്തിന് മതിയായ കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം വിവാഹമോചനത്തിന് കാരണമാകുന്ന ക്രൂരതയിൽ ഉൾപ്പെടില്ലെന്ന് കോടതി വിലയിരുത്തി. തൃശൂർ സ്വദേശിയായ യുവാവിന്റെ വിവാഹമോചന ഹർജി തള്ളിയ കുടുംബകോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹർജി നിരസിച്ചാണ് ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2012ൽ വിവാഹിതരായ ദമ്പതികൾ ആദ്യം യുവാവിന്റെ വീട്ടിലും പിന്നീട് വിദേശത്തുമാണ് താമസിച്ചിരുന്നത്. ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും ബഹുമാനിക്കുന്നില്ലെന്നും ഏഴുമാസത്തിനുശേഷം നിസാരകാരണങ്ങൾക്ക് പിണങ്ങിപ്പോയെന്നുമാണ് യുവാവിന്റെ ആരോപണം. ഗൾഫിൽ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്‌ക്ക് ഭാര്യ ഇ–-മെയിൽ വഴി പരാതി നൽകി. 2013ൽ വീടുവിട്ടിറങ്ങിയ ഭാര്യ വനിതാ സെല്ലില്ലും കോടതിയിലും പരാതി നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് വിവാഹമോചനം നൽകണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
യുവാവുമൊത്ത് ജീവിക്കാൻ സഹായംതേടിയാണ് ഗൾഫിലെ തൊഴിൽ ഉടമയ്‌ക്ക് ഇ–-മെയിൽ അയച്ചതെന്നാണ് ഭാര്യയുടെ വിശദീകരണം. ഭർത്താവിന്റെ പെരുമാറ്റവൈകല്യം പരിഹരിക്കാനാണ് തൊഴിലുടമയുടെ സഹായം തേടിയതെന്ന് അവർ വ്യക്തമാക്കി. ഇ–-മെയിൽ സന്ദേശം പരിശോധിച്ച ഹൈക്കോടതി വിശദീകരണം ശരിവച്ചു.
ഭർത്താവിന്റെ മാനസികവൈകല്യം പരിഹരിക്കാൻ ഡോക്ടർമാരെ കാണിച്ചെങ്കിലും മരുന്ന് കഴിക്കാൻ തയ്യാറായില്ലെന്നും യുവതി വ്യക്തമാക്കി. വീട്ടിൽനിന്ന് ഇറങ്ങിപ്പോയിട്ടില്ല. ഭർത്താവിന്റെ അമ്മ ഇറക്കിവിട്ടതാണെന്നും യുവതി പറഞ്ഞു. യുവതിയുടെ വാദങ്ങൾ അംഗീകരിച്ച ഡിവിഷൻ ബെഞ്ച്, കുടുംബകോടതി ഉത്തരവിൽ അപാകമില്ലെന്നും ഉത്തരവിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.