യുനൈറ്റഡ് നാഷൻസ്: രാജ്യങ്ങളുടെ പേരുകൾ മാറ്റാനുള്ള അഭ്യർത്ഥനകൾ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നുവെന്ന് യു.എൻ വക്താവ് അറിയിച്ചു.
ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ രാഷ്ട്രത്തലവൻമാർക്ക് നൽകിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ഇന്ത്യൻ പ്രസിഡന്റ് എന്നതിനു പകരം ‘ഭാരത’ത്തിന്റെ പ്രസിഡന്റ് എന്ന് മാറ്റിയിരുന്നു. ലോക മാധ്യമങ്ങൾ ചർച്ചയാക്കിയ ഈ സംഭവ വികാസങ്ങൾക്കിടെയായിരുന്നു യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖിന്റെ വിശദീകരണം. തുർക്കി അതിന്റെ പേര് തുർക്കിയ എന്നാക്കി മാറ്റിയത് അദ്ദേഹം ഉദാഹരണ സഹിതം ഉദ്ധരിച്ചു.
ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുമെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനിടെ, ഭാരത് വിഷയത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ തർക്കം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മോദി തന്റെ സഹമന്ത്രിമാരോട് പറഞ്ഞു. ഇത് രാജ്യത്തിന്റെ പുരാതന നാമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി കേന്ദ്രമന്ത്രിമാരുടെ കൗൺസിലിലാണ് മോദി ഈ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചത്.
രാജ്യതലസ്ഥാനത്ത് തുടരാനും വിശിഷ്ട വ്യക്തികൾക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഈ മാസം ഒമ്പത്, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നുണ്ട്.