ഭരണനിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

news image
Sep 26, 2023, 2:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഭരണനിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പുതിയൊരു ഭരണസംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന മലയാളികളെ ഏറെ പുകഴ്‌ത്തിയാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. എന്നാൽ, നാട്ടിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ച്‌ സർക്കാർ സർവീസിലാകുമ്പോൾ. ഈ രീതിക്കു മാറ്റംകൊണ്ടുവരാൻ ജീവനക്കാർ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണ്‌ സർക്കാർ ഓഫിസുകൾ. അവിടെയെത്തുന്നവർ ദയയ്ക്കുവേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണ്‌ സർക്കാർ ഓഫിസുകളിലേക്ക് ആളുകൾ വരുന്നത്. ഇത്‌ മുന്നിൽക്കണ്ട്, സമയബന്ധിതമായി നടപടി സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത ജീവനക്കാരിൽ ഉണ്ടാക്കുകയെന്നതാണ്‌ മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യം.

മേഖലായോഗങ്ങൾ പുതിയ തുടക്കമാണ്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാൻ ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ ഉദ്യോഗസ്ഥർ ഹൃദിസ്ഥമാക്കണം. വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയണം. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയക്രമം പാലിച്ചുപോകുന്നുണ്ടെന്നുറപ്പാക്കണം. മേഖലാതല അവലോകന യോഗങ്ങൾക്ക്‌ തുടർച്ചയുണ്ടാകും. കുറച്ചു നാളുകൾകഴിഞ്ഞ്‌ വീണ്ടും യോഗം ചേരണം. വലിയ പ്രാധാന്യത്തോടെയാണ് നാട് ഈ യോഗങ്ങളെ കാണുന്നത്. ഇതു നല്ല മാതൃയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കാൻ വിവിധ വകുപ്പുകൾ ചേർന്ന്‌ നടപ്പാക്കേണ്ടവ ബന്ധപ്പെട്ട വകുപ്പുകളുടെ കൂടിയാലോചനകളിലൂടെ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe