കോഴിക്കോട്: കോര്പറേഷന് പരിധിയിലെ ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അറിയിച്ചു. നേരത്തെ മൂന്ന് കോടിയുടെ ഭരണാനുമതി നല്കിയ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിശദമായ പഠനത്തിന് സര്‍ക്കാര്‍ മദ്രാസ് ഐഐടിയെ നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് ഐഐടിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, കടലാക്രമണത്തിന് വേഗത്തിലും ദീര്‍ഘകാല പരിഹാരവുമെന്ന നിലയില്‍ ഏഴ് കോടിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി ലഭിച്ചത്. 600 മീറ്റര്‍ ഭാഗത്ത് 90 മീറ്ററില്‍ കവിയാത്ത അഞ്ച് കടല്‍ ഭിത്തികളാണ് ഐഐടിയുടെ പഠനത്തില്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം മധ്യഭാഗത്ത് 90 മീറ്ററും ഇരുവശങ്ങളിലും 60 മീറ്റര്‍ വീതവും അവസാനിക്കുന്ന ഭാഗങ്ങളില്‍ 20 മീറ്റര്‍ വീതവും നീളമാണ് ഉണ്ടാവുക.കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പുതിയങ്ങാടി മുതല്‍ തോപ്പയില്‍ വരെ കടല്‍ഭിത്തി നവീകരണത്തിന് രണ്ടര കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് പദ്ധതിക്ക് തുക വകയിരുത്തിയത്.