സ്കൂൾ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും, ചർച്ചയിൽ സമവായം

news image
Jul 25, 2025, 4:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാരുമായുള്ള ചർച്ചയിൽ തൃപ്തരെന്ന് സമസ്ത പ്രതികരിച്ചു. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമർ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.

സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചർച്ച നടത്തിയത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ചര്‍ച്ചയില്‍ ശ്രമിച്ചത്. ചർച്ചയിൽ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. ചില സംഘടനകള്‍ വിയോജിപ്പറിയിച്ചെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനുട്ട് വീതമാണ് വർധിപ്പിച്ചത്. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe