മലപ്പുറം: ശാസ്ത്ര സ്വതന്ത്രചിന്താ സംഘടന എസൻസ് ഗ്ലോബൽ തുറന്ന സംവാദവുമായി മലബാറിൽ. ‘ബ്രെയിൻ സർജറി’ സംവാദ പരമ്പര ആരംഭിക്കുന്നത് നാളെ സെപ്റ്റംബർ 20ന് തിരൂരിൽ. ജനങ്ങൾക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനാവുന്ന സംവാദത്തിൽ മറുപടികൾ നൽകാനെത്തുന്നത് ശാസ്ത്രപ്രചാരകനും, പരമ്പരാഗത – ഇതര വൈദ്യങ്ങളുടെ അശാസ്ത്രീയത തുറന്നു കാണിക്കുന്ന മിഷൻ ഫോർ എത്തിക്സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത് കെയർ (മെഷ്) എന്ന സംഘടനയുടെ സെക്രട്ടറിയുമായ ചന്ദ്രശേഖർ രമേശ്, ശാസ്ത്ര പ്രചാരകനായ നിഷാദ് കൈപ്പള്ളി, സ്വതന്ത്ര ചിന്തകനും യൂട്യൂബറുമായ ആരിഫ് ഹുസൈൻ തെരുവത്ത് എന്നിവരാണ്. പ്രമുഖ മാധ്യമ പ്രവർത്തകനുമായ എം എസ് ബനേഷ് അവതാരകനാകും.
സെപ്റ്റംബർ 20ന് തിരൂർ വാഗൺ ട്രാജഡി ഹാളിന് മുൻപിൽ വൈകുന്നേരം അഞ്ചുമണി മുതൽ ഏഴര വരെയും, സെപ്റ്റംബർ 21ന് മഞ്ചേരി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം വൈകുന്നേരം അഞ്ചു മുതൽ ഏഴര വരെയും, സെപ്റ്റംബർ 22ന് കോഴിക്കോട് രാമനാട്ടുകര ബസ് സ്റ്റാൻഡിൻ്റ് പരിസരം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്. യഥാക്രമം ആയുർവ്വേദത്തിന് പാർശ്വഫലങ്ങളുണ്ടോ, പ്രാർത്ഥന ആശ്വാസമോ, മനുഷ്യൻ കുരങ്ങിൽ നിന്നാണോ ഉണ്ടായത്, ദൈവം അന്ധവിശ്വാസമോ എന്നീ വിഷയങ്ങളാണ് ചർച്ചചെയ്യുക.