ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

news image
Aug 19, 2023, 9:16 am GMT+0000 payyolionline.in

ന്യുഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15-ാം ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്.

2019ന് ശേഷം നേതാക്കൾ നേരിട്ടെത്തിയുള്ള ആദ്യ ബ്രിക്‌സ് ഉച്ചകോടിയാണിത്. സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവിയിലെ പ്രവർത്തന മേഖലകൾ തിരിച്ചറിയാനും ഉച്ചകോടി അവസരം നൽകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നേരിട്ടുള്ള ഉച്ചകോടി ആയതുകൊണ്ടുതന്നെ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിരവധി സുപ്രധാന കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കും. ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം ചർച്ചയായേക്കും.

ആഫ്രിക്കയുമായുള്ള ബ്രിക്‌സിന്റെ സഹകരണവും സംഘടനയുടെ വിപുലീകരണവും കേന്ദ്രീകരിച്ചുള്ള ബ്രിക്സ് ആഫ്രിക്ക ഔട്ട്റിച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നീ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.

ഉച്ചകോടിക്ക് ശേഷം മോദി ഗ്രീസിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതകിസിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനം. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിനായുള്ള ചർച്ചകൾ നടത്തും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe