കൽപ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് സി.പി.എമ്മിനെതിരെ പരസ്യ പ്രതിഷേധവുമായി പാർട്ടി കുടുംബം. വയനാട് മേപ്പാടി സ്വദേശി പരേതനായ ഇബ്രാഹിമിന്റെ കുടുംബമാണ് വീടിന് മുന്നിൽ ‘സി.പി.എമ്മിന് വോട്ടില്ല’ എന്ന പോസ്റ്റർ പതിച്ച് രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെയുള്ള ഈ വേറിട്ട പ്രതിഷേധം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
തലമുറകളായി സി.പി.എം അനുഭാവികളായ തങ്ങൾ പാർട്ടിയെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് ഇബ്രാഹിമിന്റെ ഭാര്യ പറഞ്ഞു. എന്നാൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇബ്രാഹിം അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞപ്പോഴും മരണപ്പെട്ടപ്പോഴും പോലും പണം വിട്ടുനൽകാൻ സൊസൈറ്റി അധികൃതർ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
“ജനിച്ചത് മുതൽ സി.പി.എം അനുഭാവികളാണ്. പാർട്ടിക്കെതിരെ ഇങ്ങനെ ചെയ്യാൻ വിഷമമുണ്ട്, എന്നാൽ അത്രയും നിസ്സഹായരായതിനാലാണ് ഈ തീരുമാനമെടുത്തത്” – കുടുംബം വ്യക്തമാക്കി. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ബ്രഹ്മഗിരിയുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. വോട്ട് ചോദിച്ച് ആരും വരേണ്ടതില്ലെന്നാണ് പോസ്റ്ററിലൂടെ കുടുംബം വ്യക്തമാക്കുന്നത്. ജില്ലയിലെ മറ്റ് നിക്ഷേപകർക്കിടയിലും ഈ പ്രതിഷേധം പടരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
