ബ്യൂട്ടീഷ്യന്‍റ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ

news image
Jul 31, 2023, 10:57 am GMT+0000 payyolionline.in

തിരുവനന്തപുരം: ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ. തൊളിക്കോട്‌ പണ്ടാരവിളാകം തോട്ടരികത്തുവീട്ടിൽ മാലിനി (46) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ബ്ലൂബെറി എന്ന ബ്യൂട്ടിപാർലറിൽ ആണ് മോഷണ ശ്രമം നടന്നത്.പർദയും മുഖാവരണവും ധരിച്ചെത്തിയ മാലിനി മുടി മിനുക്കണമെന്നും പണം നാത്തൂന്റെ കൈയിലാണെന്നും ജീവനക്കാരിയോട് പറഞ്ഞു. തുടർന്ന് ബന്ധുവിനെ കാത്തിരിക്കുന്ന രീതിയിൽ മാലിനി ബ്യൂട്ടി പാർലറിലിരുന്നു. ഇതിനിടയിൽ പാർലർ ജീവനക്കാരിയായ ആനാട് വടക്കേല മൈലമൂട് വീട്ടിൽ ശ്രീക്കൂട്ടിയോട് സൗഹൃദം കൂടിയ യുവതി അവരുടെ കഴുത്തിൽ കിടന്ന മാല പിടിച്ചുനോക്കുകയും സ്വർണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

ബ്യൂട്ടി പാർലറിലുണ്ടായിരുന്ന കസ്റ്റമേഴ്സ് പോയി കഴിഞ്ഞ് പരിസരത്തൊക്കെ ആളൊഴിഞ്ഞ സമയം നോക്കി മാലിനി ശ്രീകുട്ടിയുടെ കണ്ണിൽ മുളക്പൊടി എറിയുകയും മാല പൊട്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു. മുഖത്ത് മുളക് പൊടി വീണതോടെ നിലവിളിച്ചുകൊണ്ട് ശ്രീക്കുട്ടി പാർലറിന്റെ മുൻവശത്തെ ഗ്ലാസ് ഡോർ തകർത്തുകൊണ്ട് പുറത്തേക്ക് ചാടി. ഇതോടെ ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ കടകളിലെ ആളുകള്‍ മാലിനിയെ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസിനെ വിളിച്ച് വരുത്തി കൈമാറുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe