വടകര : ചോറോടിൽ റെയിൽവേ ട്രാക്കിന് കുറുകെ ബോസ്ട്രിങ് സ്റ്റീൽപ്പാലം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭപ്രവൃത്തി തുടങ്ങി.
സ്റ്റീൽപ്പാലം റോളർവഴി ഉരുട്ടി അപ്പുറത്തെത്തിക്കാനായി ഇരുമ്പുട്രാക്ക് സ്ഥാപിക്കുന്ന ജോലിയാണ് ബുധനാഴ്ച രാത്രി തുടങ്ങിയത്. റെയിൽവേ ട്രാക്കിനുമുകളിലായി ഇത് സ്ഥാപിച്ചുകഴിഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രവൃത്തി. ഇതിന്റെ ഭാഗമായി ബുധനാഴ്ച രാത്രിമുതൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി.
ഒരുവർഷം മുൻപാണ് സ്റ്റീൽപ്പാലം യോജിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. സ്പെസ്കം എന്ന എൻജിനിയറിങ് കമ്പനിയാണ് പ്രവൃത്തി കരാറെടുത്തത്.റെയിൽവേയുടെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ സർട്ടിഫിക്കേഷനുള്ള കമ്പനികൾക്കുമാത്രമേ ഈ പ്രവൃത്തി നടത്താൻ കഴിയൂ. ഈ രീതിയിലുള്ള പാലത്തിന് ചെലവ് കൂടുതലാണെങ്കിലും റെയിൽവേ മേൽപ്പാലങ്ങൾക്ക് പൊതുവേ ഇത്തരം പാലങ്ങളെയാണ് ആശ്രയിക്കാറ്.
പാലം സ്ഥാപിക്കുന്ന സമയത്തുമാത്രമേ തീവണ്ടിഗതാഗതത്തിന് നിയന്ത്രണം വേണ്ടൂ എന്നതിനാലാണിത്. കുറെക്കാലം കഴിഞ്ഞ് പാലം പൊളിക്കുമ്പോൾ വലിയ നഷ്ടമുണ്ടാകില്ലെന്ന പ്രത്യേകതയുമുണ്ട്. സ്റ്റീലിന് അപ്പോഴും നല്ലവില കിട്ടും. മാത്രമല്ല, ഭാവിയിൽ ട്രാക്കിനും പാലത്തിനും ഇടയിലെ ഉയരംകൂട്ടണമെങ്കിലും എളുപ്പം സാധിക്കും. റോളർ ഉരുട്ടാനുള്ള ട്രാക്ക് പൂർണമായും സജ്ജമാക്കിയശേഷം പത്താംതീയതിയാണ് പാലം തള്ളിനീക്കുക. ഇതിനായി വലിയശേഷിയുള്ള രണ്ട് ക്രെയിനുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഈ ക്രെയിനുകൾ ഉപയോഗിച്ചാണ് കഴിഞ്ഞദിവസം ഇരുമ്പ് ട്രാക്കൊരുക്കിയത്.
