ബൈക്കും ടിന്നിലടച്ച ഭക്ഷണവും ഇലക്ട്രോണിക് ഉല്പന്നങ്ങളും നികുതി കുറയുന്ന പട്ടികയിൽ

news image
Sep 3, 2025, 3:12 pm GMT+0000 payyolionline.in

ന്യൂഡൽഹി: കാറുകൾ മുതൽ സോപ്പ്, എയർ കണ്ടീഷണറുകൾ വരെയുള്ള 175 ഇനങ്ങളുടെ നിരക്ക് കുറയ്ക്കലും നാല് തലങ്ങളിലുള്ള നികുതി സംവിധാനത്തെ രണ്ടായി കുറയ്ക്കലും ജി എസ് ടി കൌൺസിൽ യോഗത്തിന്റെ അജണ്ടയിലുണ്ട്. നികുതി ഇനത്തിലുള്ള വിലക്കുറവ് സംസ്ഥാനങ്ങളുടെ കീശയിൽ കയ്യിട്ടാവുമോ എന്നതാണ് ആശങ്ക. നികുതി നഷ്ടത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വിഹിതം വകവെയ്ക്കാത്തതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ജിഎസ്ടി നടപ്പായി 8 വർഷത്തിനു ശേഷമുള്ള ഏറ്റവും സമൂലമായ നികുതിപരിഷ്കരണത്തിനാണ് ഒരുക്കം.

കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെടുന്ന രണ്ടു ദിവസത്തെ യോഗത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളിൽ നിന്ന് അവശ്യവസ്തുക്കൾക്ക് 5% ഉം അവശ്യമല്ലാത്തവയ്ക്ക് 18% ഉം എന്ന രീതിയിൽ രണ്ട് സ്ലാബ് ഘടനയാണ് നിർദ്ദേശിക്കുന്നത്. പുകയില, ₹50 ലക്ഷമോ അതിൽ കൂടുതലോ വിലയുള്ള കാറുകൾ പോലുള്ള ആഡംബരവും നിയന്ത്രിത വിലക്കുള്ള വസ്തുക്കളും ഉൾപ്പെടുന്നവയ്ക്ക് 40% അധിക സ്ലാബ് ഉണ്ടാകാൻ സാധ്യതയുണ്ട്.

ദ്വിതല ഘടനയിലേക്ക് മാറുന്നതിന് ഫിറ്റ്മെന്റ് പാനൽ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്.

പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വില കുറയും

ടൂത്ത് പേസ്റ്റ്, ഷാംപൂ, ടാൽക്കം പൗഡർ, സോപ്പുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ ജിഎസ്ടി ഇപ്പോൾ 18% ൽ നിന്ന് 5% ആകാൻ സാധ്യതയുണ്ട്. വെണ്ണ, ചീസ് എന്നിവയുടെ ജിഎസ്ടി, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ (അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ, ചട്ണി മുതലായവ) ഇപ്പോൾ 12% ൽ നിന്നും 18% ൽ നിന്നും 5% ആയി കുറയാൻ സാധ്യതയുണ്ട്.

മിക്കവാറും എല്ലാ ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും 5% സ്ലാബിന് കീഴിൽ വരും. ഇത് വലിയ തോതിൽ വിലക്കുറവിന് സാധ്യത തുറക്കുന്നു. എന്നാൽ കയറ്റുമതി നിലച്ചതിലെ പ്രതഫലനം ഇവയ്ക്ക്മേൽ ഉണ്ടായാൽ ഉപഭോക്താക്കൾക്ക് കുറവ് അനുഭവിക്കാനാവുമോ എന്നത് വ്യക്തമല്ല.

18% സ്ലാബിലാണ് ഇപ്പോൾ ടിവികൾ, എസികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എന്നിവ. സിമന്റ് പോലുള്ള ഉല്പനങ്ങളും 18 ശതമാനത്തിന്റെ സ്ലാബിലാണ്. ഇവ 28 ൽ നിന്നാണ് 18 ലേക്ക് മാറുന്നത്.

ബൈക്കിനും വില താഴും

 

രുചക്ര വാഹന വ്യവസായം ജിഎസ്ടി നിരക്ക് നിലവിലുള്ള 28% ൽ നിന്ന് 18% ആയി കുറയ്ക്കണമെന്ന ദീർഘകാല ആവശ്യത്തിന് ജിഎസ്ടി കൗൺസിൽ അനുകൂല നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ 350 സിസിയിൽ കൂടുതൽ വന്നാൽ നികുതി 40 ശതമാനം കടക്കും.

 

പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ, ഈ വലിയ നികുതിയിളവുകൾ വരുമാനത്തിലുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ നീക്കം സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാക്കുമെന്നും വ്യക്തമായ നഷ്ടപരിഹാര സംവിധാനം വേണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു.

കൗണ്‍സിലിൽ 33 അംഗങ്ങൾ

 

കേന്ദ്ര ധനമന്ത്രിയാണ് ജിഎസ്ടി കൗൺസിലിന്റെ അധ്യക്ഷ. റവന്യു, ഫിനാൻസ് ചുമതലയുള്ള കേന്ദ്രസഹമന്ത്രി, സംസ്ഥാന ധനമന്ത്രിമാർ തുടങ്ങിയവരാണ് അംഗങ്ങൾ. കേന്ദ്രധനമന്ത്രി നിർമല സീതാരാമനടക്കം നിലവിൽ 33 അംഗങ്ങളാണ് കൗൺസിലിലുള്ളത്.

 

ജിഎസ്ടി സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ശുപാർശ നൽകാനുള്ള സംവിധാനമാണ് കൗൺസിൽ. കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിൽ പ്രത്യേക സെക്രട്ടേറിയറ്റുമുണ്ട്.

കേന്ദ്ര സംസ്ഥാന തലങ്ങളിൽ നിലവിലിരുന്ന രണ്ടായിരത്തോളം പരോക്ഷ നികുതികൾക്കു ബദലായുള്ള ജിഎസ്ടിയുടെ വരവ് നികുതിരംഗത്തെ അപ്പാടെ മാറ്റിയെഴുതി. 122–ാം ഭരണഘടനാ ഭേദഗതി ബിൽ പാസായതോടെ, 2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി ഔദ്യോഗികമായി നിലവിൽ വന്നത്. ചട്ടമനുസരിച്ച് സാമ്പത്തികവർഷത്തിന്റെ ഓരോ ത്രൈമാസത്തിലൊരിക്കലെങ്കിലും യോഗം ചേരണം. എന്നാൽ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള ഇരട്ടത്താപ്പ് വിമർശനങ്ങൾക്ക് ഇടയാക്കി.

 

ഫഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നത്

 

കൗണ്‍സിലിൽ ഏതെങ്കിലുമൊരു പദ്ധതിനിർദേശം പാസാകണമെങ്കിൽ യോഗത്തിലുള്ളവരുടെ നാലിൽ മൂന്ന് (75%) വോട്ട് വെയ്റ്റേജ് വേണം. കേന്ദ്രസർക്കാരിന്റെ വോട്ടിന് മൂന്നിലൊന്ന് (33.33%) വെയ്റ്റേജ് ലഭിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും വോട്ട് ചേർത്താലും മൂന്നിൽ രണ്ട് (66.67%) വെയ്റ്റേജ് മാത്രമേയുള്ളൂ. ഫലത്തിൽ 75% വേണ്ടതിനാൽ എല്ലാ സംസ്ഥാനങ്ങളും കൂട്ടായി കേന്ദ്രനിർദേശത്തെ എതിർത്തു വോട്ട് ചെയ്താലും കാര്യമുണ്ടാവില്ല.

 

ഓരോ പ്രപ്പോസലിന്മേലും വിശദമായ ചർച്ചയ്ക്ക് അവസരമുണ്ട്. അഭിപ്രായഐക്യത്തിലൂടെയാണ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. പ്രപ്പോസൽ അംഗീകരിക്കാമോയെന്ന അധ്യക്ഷന്റെ ചോദ്യത്തിന് കൈകൾ ഉയർത്തിയാണ് പിന്തുണ അറിയിക്കുന്നത്. ഒരു അംഗം വോട്ടിങ് ആവശ്യപ്പെട്ടാൽ ആ നിർദേശം വോട്ടിനിടും. ഇതിന് രഹസ്യബാലറ്റ് സംവിധാനമുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും വോട്ടിങ് അധികാരം തുല്യമല്ല എന്നതിൽ തട്ടി വീഴും.

നിർദേശം പാസാകാൻ 75% വെയ്റ്റേജ് മതിയെന്നതിനാൽ നിർദേശം പാസാകും. രഹസ്യ ബാലറ്റിനൊടുവിൽ അധ്യക്ഷൻ ഫലം പ്രഖ്യാപിച്ചാൽ ഇതിനെ ചോദ്യം ചെയ്യാൻ അംഗങ്ങൾക്ക് കഴിയില്ല. ഇത്തരത്തിൽ അംഗീകരിക്കുന്ന നിർദേശങ്ങൾ കൗൺസിലിന്റെ ശുപാർശകളായി മാറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe