ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ

news image
Jul 24, 2023, 4:23 am GMT+0000 payyolionline.in

ബെംഗളൂരു∙ ‌യാത്രയ്ക്കിടെ മലയാളി യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയുടെ പരാതിയിൽ ഹാവേരി സ്വദേശി കെ. ശിവപ്പ (23) ആണു പിടിയിലായത്.

മണിപ്പുരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ വനിതാ സംഘടനകൾ വെള്ളിയാഴ്ച ടൗൺഹാളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തു ബൈക്ക് ടാക്സിയിൽ മടങ്ങുമ്പോൾ വിജനമായ പ്രദേശത്തുവച്ചാണ് യുവാവ് മോശമായി പെരുമാറിയത്. ഇതോടെ ഭയന്ന യുവതി വീട് എത്തുന്നതിന് 200 മീറ്റർ മുൻപു തന്നെ യാത്ര അവസാനിപ്പിച്ചു.

എന്നാൽ മിനിറ്റുകൾക്കകം യുവതിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ച പ്രതി വാട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങളും അയച്ചു. ദുരനുഭവം അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സഹിതം യുവതി ട്വിറ്ററിലും പങ്കുവച്ചു. കൂടെ താമസിക്കുന്നയാളുടെ വെബ് ടാക്സി അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി റൈഡിന് എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe