ബെംഗളൂരു: ട്രയൽ റൺ വിജയകരമായി പൂർത്തിയായിട്ടും ഒന്നരവർഷത്തോളമായി വന്ദേ ഭാരത് എക്സ്പ്രസ് സർവീസിനായി കാത്തിരിക്കുന്ന ബെലഗാവിക്കാരുടെ സ്വപ്നം യാഥാർഥ്യമാകുന്നു. ബെംഗളൂരു – ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസിന് റെയിൽവേ മന്ത്രാലയം പച്ചക്കൊടി വീശിയതോടെ കർണാടയ്ക്ക് പതിനൊന്നാമത്തെ വന്ദേ ഭാരതാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ ധാർവാഡ് വന്ദേ ഭാരത് ബെലഗാവിയിലേക്ക് നീട്ടുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും മറ്റൊരു പുതിയ സർവീസ് തന്നെയാണ് അനുവദിച്ചിരിക്കുന്നത്. ബെംഗളൂരുവിലേക്ക് ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും പ്രയോജനപ്പെടുന്ന സർവീസായി ബെംഗളൂരു – ബെലഗാവി സർവീസ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകാതെ തന്നെ പുതിയ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്ന് ബെലഗാവി എംപി ജഗദീഷ് ഷെട്ടാർ പറഞ്ഞു.
പുതിയ വന്ദേ ഭാരത് എത്തുന്നു എന്ന് അറിഞ്ഞതോടെ ട്രെയിനിൻ്റെ സ്റ്റോപ്പുകളും സമയക്രമവും, ടിക്കറ്റ് നിരക്കും അറിയാനുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. ബെംഗളൂരുവിനും ബെലഗാവിയ്ക്കും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് യാത്രായ്ക്ക് ഏകദേശം 7 മണിക്കൂർ 45 മിനിറ്റ് എടുക്കുമെന്നാണ് കരുതുന്നത്. ട്രെയിനിൻ്റെ സമയക്രമമോ, റൂട്ടോ ഇതുവരെയും റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.രാവിലെ 5:45ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:30ന് ബെലഗാവിയിൽ എത്തുന്ന വിധത്തിലായിരിക്കും ട്രെയിൻ സർവീസ്. ബെലഗാവിയിൽ നിന്നുള്ള മടക്കയാത്ര ഉച്ചയ്ക്ക് 2:00ന് പുറപ്പെട്ട് രാത്രി 10:10ന് ബെംഗളൂരുവിൽ എത്തും. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ് ചൊവ്വാഴ്ചകളിൽ ട്രെയിൻ ഉണ്ടാകില്ല.