ബുള്ളറ്റിൽ ‘പറക്കുന്നതിന്’ ഇനി ചെലവേറും; എസ്‌യുവികൾക്കും ഹെവി ബൈക്കുകൾക്കും 40% ജിഎസ്ടി, ഇ വികളുടെ അഞ്ച് ശതമാനത്തിൽ മാറ്റമില്ല

news image
Sep 4, 2025, 6:00 am GMT+0000 payyolionline.in

ചെറുകാറുകൾക്കും 350 സിസിയിൽ താഴെയുള്ള എഞ്ചിൻ വലുപ്പമുള്ള മോട്ടോർ സൈക്കിളുകൾക്കും നികുതി കുറച്ച് ഇന്നലെ ചേർന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ. എന്നാൽ, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവികൾ) ഉൾപ്പെടെയുള്ള പ്രീമിയം കാറുകളിൽ ഇനി മുതൽ തൊട്ടാൽ പൊള്ളും. ഈ സെഗ്മെന്‍റിലുള്ള വാഹനങ്ങൾക്ക് 40% ജിഎസ്ടി ഈടാക്കും.

അതേസമയം, ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ സെഗ്‌മെന്റുകളിലെ ഇവികൾക്കുള്ള ജിഎസ്ടി നിരക്കിൽ കൗൺസിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, ചെറിയ ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് എസ്‌യുവികൾ, ആഡംബര ഇലക്ട്രിക് കാറുകൾ എന്നിവയുടെ ജിഎസ്ടി 5% ആയി തുടരും.

350 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള ബൈക്കുകളുടെ ജിഎസ്ടി നിരക്ക് 28% ൽ നിന്ന് 40% ആയി ഉയർത്തിയത് റോയൽ എൻഫീൽഡിനും മറ്റ് പ്രീമിയം ബൈക്ക് നിർമ്മാതാക്കൾക്കും കനത്ത പ്രഹരമാണ്. ഉയർന്ന ശേഷിയുള്ള ബൈക്കുകൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങൾക്ക് ഏകീകൃത ജിഎസ്ടി നിരക്ക് പരിഗണിക്കണമെന്ന് റോയൽ എൻഫീൽഡിന്‍റെ അഭ്യർഥന പാടെ തള്ളിയാണ് സർക്കാർ നടപടി. കൂടുതൽ എഞ്ചിൻ ശേഷിയുള്ളതോ കൂടുതൽ ബോഡി നീളമുള്ളതോ ആയ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളും 40% നികുതി ബ്രാക്കറ്റിൽ ഉൾപ്പെടുന്നു.

അതേസമയം, ചെറിയ കാറുകൾക്കും, കോംപാക്റ്റ് സെഡാനുകൾക്കും, എൻട്രി ലെവൽ എസ്‌യുവികൾക്കും ആശ്വസിക്കാം. 1200 സിസിയിൽ കൂടാത്ത എഞ്ചിൻ ശേഷിയും 4000 മില്ലിമീറ്ററിൽ കൂടാത്ത നീളവുമുള്ള പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളുടെ ജിഎസ്ടി 28% ൽ നിന്ന് 18% ആയി കുറയും.

ഇരുചക്ര വാഹനങ്ങളിൽ 350 സിസി വരെ എഞ്ചിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകൾക്കും (മോപ്പഡുകളും ഓക്സിലറി മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ) ജിഎസ്ടി 28% ൽ നിന്ന് 18% ആയി കുറയും.

ചെറുകാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കുമുള്ള ലെവിയിലെ കുറവ് മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ വാഹന നിർമ്മാതാക്കൾക്കും മിക്ക ഇരുചക്ര വാഹന നിർമ്മാതാക്കൾക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ മിഡിൽ ക്ലാസ് പ്രധാനമായും താത്പര്യം കാണിക്കുന്ന കാറ്റഗറി ഇതായതിനാൽ വിൽപനയിൽ ഇടിവുണ്ടാകില്ല.

ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് മാറ്റങ്ങൾക്ക് തീരുമാനമായത്. പുതുക്കിയ നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe