അഹമ്മദാബാദ് : ബിപോർജോയ് ചുഴലിക്കാറ്റിൽ ആര്‍ക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചുഴലിക്കാറ്റിൽ 47 പേർക്ക് പരിക്കേറ്റു. 234 മൃഗങ്ങൾ ചത്തു. ഗുജറാത്തിൽ തകരാറിലായ ആശയവിനിമയ സംവിധാനങ്ങൾ മുഴുവൻ പുനസ്ഥാപിച്ചുവെന്നും വൈദ്യുതി ബന്ധം തടസപ്പെട്ടയിടങ്ങളിലെല്ലാം ഉടൻ പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്ത് സർക്കാറിന്റെയും കേന്ദ്ര ഏജൻസികളുടെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിലൂടെയാണ് നാശനഷ്ടങ്ങൾ ഇത്രയും കുറയ്ക്കാൻ സാധിച്ചതെന്നും അമിത് ഷാ പറഞ്ഞു.
നാശനഷ്ടമുണ്ടായ കച്ച് മേഖല അമിത് ഷാ ഇന്ന് സന്ദർശിച്ചു. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ചു. ക്യാംപിലും ആശുപത്രിയിലും കഴിയുന്നവരെയും ഷാ സന്ദർശിച്ചു. വൈകുന്നേരത്തോടെ ന്യൂനമർദമായി മാറി ശക്തി കുറഞ്ഞ ബിപോർജോയ് നിലവിൽ രാജസ്ഥാനിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണുള്ളത്. ശക്തമായ കാറ്റും മഴയും പ്രദേശത്ത് ലഭിക്കുന്നുണ്ട്. എൻഡിആർഎഫ് സംഘം സ്ഥലത്ത് തുടരുകയാണ്.